2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

പ്രണയമഗ്നിയാണ്

പ്രണയമഗ്നിയാണ്
പൊള്ളും നിൻറെ ചിറകുകൾ
കരിഞ്ഞു പോകും
നിനക്ക് നിൻറെ
ജീവിതം നഷ്ടമാകും --
ഞാനവനോട് പറഞ്ഞു


പ്രണയം സുന്ദരമാണ്
റോസാപ്പൂവിൻറെ  സുഗന്ധവും
താമരയിതളുകളുടെ നിറവും
ചെറു തേനിൻറെ രുചിയുമുണ്ടതിനു --
അവനെന്നോട് പറഞ്ഞു



എനിക്ക് കൈ നീട്ടിയാൽ
തൊടാവുന്ന
കൊതിയൂറിക്കുന്ന
മാമ്പഴമാണ്
പ്രണയം --
അവനെന്നോട് പറഞ്ഞു



അത് മാങ്ങയല്ല ; മരണത്തിൻറെ
ദൂതുമായി വന്ന ഒതളങ്ങയാണ് --
ഞാനവനോട് പറഞ്ഞു



"സ്വർണ്ണ വർണ്ണമാർന്നൊരാപ്പിളാണ്  പ്രണയം 
അതിന് റോസാപ്പൂവിൻറെ  സുഗന്ധവും 
ചെറുതേനിൻറെ രുചിയുമുണ്ട് "
അവൻ പറഞ്ഞു 
"കൈനീട്ടിയാലെനിക്ക് കിട്ടുന്ന 
ജീവിത സൌഭാഗ്യമാണത് "
അവൻ ശഠിച്ചു 





താമര ദലങ്ങളെ പോലെ തിളങ്ങുന്ന 
കനലുകളിലെക്ക് 
സ്വർണ്ണ വർണ്ണത്തിലുയരുന്ന         
അഗ്നിയിലേക്ക് 
ഞാനാശങ്കയോടെ നോക്കി 
ഇത് താമര ദലങ്ങളല്ല ;
ഇത് സ്വർണ്ണ നിറമാർന്ന ആപ്പിളല്ല 
എന്ന് എങ്ങനെ 
അവനെ ബോധ്യപ്പെടുത്തുമെന്നറിയാതെ 
ഞാൻ പകച്ചു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ