2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

അവൻ എന്നോട് വിട വാങ്ങിയിരിക്കുന്നു

പ്രണയത്തിന്റെ ഈ ഭാവം ദുഷ്കരമാണ് 
അവൻ ഇന്ന് എന്റെ അടുത്ത് വന്നു 
പത്തു മാസം മുൻപ്  അവൻ എന്നോട് വാങ്ങിയ 
പതിനായിരം രൂപ തിരികെ തരാൻ 
അവൻ അവന്റെ പുതിയ സുഹൃത്തിനൊപ്പം വന്നു 
ബൈക്കിലാണ് വന്നത് 
അവൻ ഓടിക്കുന്നു 
അയാൾ പിന്നിലിരിക്കുന്നു 
സഞ്ചി മൃഗത്തിന്റെ സഞ്ചിയിൽ ഇരിക്കുംപോലെ 
അവൻ അയാളുടെ മുന്നിലിരുന്നു 
അവൻ ബൈക്കിൽ നിന്നും ഇറങ്ങി വന്ന് 
എന്തുണ്ട് വിശേഷം 
എന്ന് ചോദിച്ചു 
ഞാൻ ഒന്ന് ചിരിച്ചു 
ഒന്നും പറഞ്ഞില്ല 
അവൻ ഒന്നും പറയാതെ 
പതിനായിരം രൂപ എടുത്തു തന്നു 
ഞാൻ വാങ്ങി 
പോകുകയാണ് , 
ഒരിടം വരെ പോകാനിറങ്ങിയതാണ് 
എന്ന് പറഞ്ഞ് 
അവൻ ബൈക്കിൽ കയറി 
അണ്ണാന്റെ പിന്നിൽ ആനയിരിക്കുംപോലെ 
അയാള് അവന്റെ പിന്നിൽ ഇരിപ്പായി 


അവൻ തന്ന നോട്ടുകൾ ഞാൻ 
പ്രത്യേകമാണ് വെച്ചത് 
അവന്റെ സ്പർശം ഉണ്ടായ നോട്ടുകൾ 
അവൻ തൊട്ട  നോട്ടുകൾ 
ഒരിക്കൽ കൂടി എണ്ണി 
അവൻ തന്നപ്പോൾ ഞാനത് 
എണ്ണിയിരുന്നില്ല 
വേണ്ടും എണ്ണി 
പതിനായിരമല്ല; പന്തീരായിരം രൂപ 
അവൻ എനിക്ക് രണ്ടായിരം രൂപ പലിശ തന്നിരിക്കുന്നു 
പതിനായിരം രൂപയ്ക്ക് പത്തു മാസത്തേയ്ക് 
രണ്ടായിരം രൂപ പലിശ 


മനസ്സിലായില്ലേ ?
അവൻ പഴയ ആളല്ല 
എന്റെ പഴയ സുഹൃത്തല്ല 
എന്നോട് വാങ്ങിയ പണം 
അവൻ തിരികെ തന്നു 
പലിശ സഹിതം 


അവൻ എന്നോട് വിട  വാങ്ങിയിരിക്കുന്നു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ