2015, നവംബർ 26, വ്യാഴാഴ്‌ച

അവന്‍ പോയി.

പ്രണയത്തിന്റെ ഈരടികള്‍ മുറിഞ്ഞു പോകുന്നു.
ഞാനത് നിരാശതയോടെ അറിയുന്നു.
ഓരോ പ്രണയം തളിരിടുമ്പോഴും
ഞാനതിനെ പരിപാലിച്ചു തുടങ്ങും.
അത് വളരും.
പൂവിടും.
പിന്നെ പൂക്കള്‍ മണ്ണില്‍ കൊഴിഞ്ഞു വീഴും.
നിരാശതയോടെ ഞാനത് നോക്കി നില്‍ക്കും.
സ്വവര്‍ഗ പ്രണയത്തിന്റെ ഒരു പ്രത്യേകതയാണ് അത്.
ഒരു പൂവും കായയായി മാറുന്നില്ല.
ഒരു പൂവിനും അസ്തിത്വം ഇല്ല.


അല്ലെങ്കില്‍ ഏതു  പൂവിനാണ് അസ്തിത്വം ?
കായ്കളിലാണോ അസ്തിത്വം ?
പൂവിന്റെ അസ്തിത്വം കായ്കളിലാണോ?
അതോ, മണ്ണില്‍ വീണു മണ്ണോടു ചേരുന്ന ദലങ്ങളിലോ ?  

അവന്റെ ചുരുണ്ട മുടി ഇഴകള്‍.
അവന്റെ സുന്ദരങ്ങളായ കവിള്‍ ത്തടങ്ങള്‍
അവന്റെ മനോഹരമായ നാസിക
അവന്റെ ചുവന്ന , കൊതിപ്പിക്കുന്ന ചുണ്ടുകള്‍.
അവന്റെ മനോഹര ഗാത്രം വര്‍ണിക്കാന്‍ എനിക്ക് വാക്കുകളില്ല.

അവന്റെ സ്നേഹം മറക്കാന്‍ എനിക്ക് കഴിയില്ല.
അതവന് അറിയാമായിരുന്നു എന്ന് തോന്നുന്നു.
എനിക്കവനോടുള്ള സ്നേഹം അവനൊരു ലഹരിയായിരുന്നു.
അതെ കുറിച്ച് അവന്‍ അഭിമാനം കൊണ്ടു

എന്നിട്ടും അവന്‍ പോയി.
അവനു പോകേണ്ടതുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ