2015, ജൂലൈ 21, ചൊവ്വാഴ്ച

ദൗർബ്ബല്ല്യങ്ങൾ

ഞാനങ്ങനെ പറഞ്ഞത് അവനിഷ്ടമായില്ല 
പറയാനുള്ളത് പറയേണ്ടേ ?
പറയാനുള്ളത് വ്യക്തമായി പറഞ്ഞിരിക്കണം 
ചുമ്മാ വായും പൂട്ടി നിൽക്കരുത് 
അതാണ്‌ എനിക്ക് നിങ്ങളോടും പറയാനുള്ളത് 


പൂച്ചയെ കണ്ടിട്ടില്ലേ ?
ചുണ്ടെലിയുടെ നേരെ എന്തൊരു പരാക്രമമാണ് !
അത് കാണുന്നത് നിങ്ങൾക്കും ഇഷ്ടമാണ് 
കാരണം നിങ്ങൾ ചുണ്ടെലിയെ വെറുക്കുന്നു 
പക്ഷെ ആ പൂച്ച നിങ്ങളുടെ നേരെ ഒരു പ്രകടനം നടത്തിയാൽ?
ഒരു പൂച്ചയുടെ ജീവിതം ആ നിമിഷത്തിൽ അവസാനിക്കും 


ഊഫ് , അങ്ങനെയാണ് എല്ലാ കാര്യങ്ങളും 
കണ്ടിട്ടില്ലേ ? കറുത്ത പിള്ളേരോട് ഉള്ള സമീപനം 
പിള്ളേർ കറൂത്തതായാലും വെളുത്തതായാലും 
പണമില്ലെങ്കിൽ അവൻറെയവസ്ഥ ദയനീയം 



സംഗതി ഇത്രേയുള്ളൂ 
ഐസ് ക്രീം കാരൻറെ സൈക്കിൾ മറിഞ്ഞു 
റോഡിലെ മണ്ണിലേക്കും മാലിന്യത്തിലെക്കും 
ഐസ് ക്രീം വീണു 
അവനത് വാരി വീണ്ടും പെട്ടിയിലാക്കി 
വാരാൻ പറ്റാത്തത് കളഞ്ഞിട്ടു പോകാൻ നേരത്ത് 
ചില തെരുവ് പിള്ളേർ വന്ന് 
അത് മണ്ണോടെ , മാലിന്യത്തോടെ വാരി 
വായിലിടാൻ നേരത്ത് അയാൾ തടഞ്ഞു 
അയാൾക്ക് പണം വേണം 
പിള്ളേരുടെ കയ്യിൽ നിന്നും അയാൾ 
അവരുടെ കയ്യിലുണ്ടായിരുന്ന പണം ബലമായി പിടിച്ചു വാങ്ങി 
ഞാൻ പണം തിരികെ കൊടുപ്പിച്ചു 
പിള്ളേരുടെ കയ്യിലുണ്ടായിരുന്ന ഐസ് ക്രീം 
മണ്ണിലേക്ക് ഇടുവിച്ചു 
എന്നിട്ട് അവർക്ക് ഐസ് ക്രീം കടയിൽ നിന്നും 
ഐസ് ക്രീം വാങ്ങി കൊടുത്തു 




അവനതും കൊണ്ട് സൈക്കിളിൽ എങ്ങോട്ടോ പോയി 
എവിടെയെങ്കിലും ആരെങ്കിലും അത് പണം കൊടുത്തു 
വാങ്ങി തിന്നു കാണും 



ചിരിക്കല്ലേ ചിരിക്കല്ലേ 
എനിക്കറിയാം നിങ്ങളുടെ മനസ്സിൽ എന്താണെന്ന് 
അക്കൂട്ടത്തിൽ കൊള്ളാവുന്ന കാന്താരിയോ 
പച്ചമുളകോ ഉണ്ടായിരിക്കും 
എന്നല്ലേ 
നിങ്ങളുടെ മനസിലൂടെ പോയ ചിന്ത ?
ഇല്ല. അക്കൂട്ടത്തിൽ കൊള്ളാവുന്ന ഒന്നും ഇല്ലായിരുന്നു 
പിന്നെ അതെല്ലാം വെറും പൈങ്ങാ മാത്രം 
കൊച്ചു പിള്ളേർ 
ഞാൻ നോക്കാത്ത ഇനങ്ങൾ 
വളർന്നു കഴിയുമ്പോൾ 
എന്നായിരിക്കും നിങ്ങളുടെ ചിന്ത 
ഓ സോറി 
ഞാനത്ര മുന്നോട്ടു നോക്കാറില്ല 
ഇപ്പൊ വല്ലതും ഉണ്ടെങ്കിൽ നോക്കുമെന്നല്ലാതെ 





ആവശ്യമില്ലാത്ത കാര്യത്തിൽ 
ഇടപെട്ടത്തിൽ വ്യസനം ഉണ്ടായത് 
വൈകുന്നേരമായിരുന്നു 
വെറുതെ കടപ്പുറത്ത് പോയതായിരുന്നു 
കടൽക്കാറ്റ്‌ വീശിക്കൊണ്ടിരുന്നു   
കുട്ടികൾ ഓടിക്കളിച്ചു കൊണ്ടിരുന്നു 
ഐസ് ക്രീം വിൽക്കുന്ന പയ്യൻ വന്നു 
ആ ഐസ് ക്രീം പെട്ടി !
മണ്ണിൽ നിന്നും മാലിന്യത്തിൽ നിന്നും 
ഐസ് ക്രീം വാരി നിറച്ച അതേ പെട്ടി 
അപ്പോൾ അത് അവൻറെ അച്ഛനായിരുന്നു !
അവനെ കണ്ടപ്പോൾ എൻറെ നീതി ബോധം മാഞ്ഞു പോയി !
ഞാനവനോട് ചിരിച്ചു 
ഞാനവനോട് സംസാരിച്ചു 
അവനെനിക്കൊരു ഐസ് ക്രീം തന്നു 
ഞാനതിൻറെ വില നൽകി 
അവൻ നടന്നു പോയി 
ഐസ് ക്രീം വിറ്റു കൊണ്ട് 
ഏതോ അലഞ്ഞു നടക്കുന്ന ഒരു തെരുവ് കുട്ടിയ്ക്ക് 
ഞാനാ ഐസ് ക്രീം നൽകി 



നമ്മുടെയൊക്കെ ആദർശ ധീരത ഇത്രയൊക്കെയേ ഒള്ളൂ 
പലതരം ദൗർബ്ബല്ല്യങ്ങൾക്ക് അടിമകളാണ് നമ്മൾ   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ