2018, നവംബർ 14, ബുധനാഴ്‌ച

അവൻ

അവനെ ഞാൻ തേടി ചെല്ലുകയായിരുന്നു 
കാരണം അവൻ സുന്ദരനായിരുന്നു 
ഞാൻ അവനെ തേടി ചെന്നു 
ഓരോ ദിവസവും 

അവൻറെ പിതാവിന് അതിഷ്ടമായില്ല 
എന്തിനാണ് ഞാൻ അവനെ കാണാൻ ചെല്ലുന്നതെന്ന് 
അയാൾ അരിശപ്പെട്ടു 
അയാൾക്ക് മനസിലായിക്കാണുമായിരിക്കാം 
അവൻറെ സൗന്ദര്യമാണ് എന്നെ 
അവനിലേക്കാകർഷിക്കുന്നതെന്ന് 

എനിക്ക് അവനിലേക്കുള്ള പാസ്പ്പോർട്ട് 
അവൻറെ മാതാവാണ് നൽകിയത് 
അതിനുശേഷം അയാൾ എന്നെ അവഗണിച്ചു 
അതിനുശേഷം അവൻ എൻറെ സുഹൃത്തായി 
അതിനുശേഷം അവൻ എന്നോടൊപ്പമായി 

സൗഹൃദം ഗാഢമായപ്പോൾ അവൻ പറഞ്ഞു 
ഇത് വിൽക്ക് ; ഞാൻ വാങ്ങാം , ഞാനൊരു ലോണെടുക്കാം 
ലോണെടുത്ത്,  വില ഞാൻ തരാം 
ഓരോ ദിവസവും , ഓരോ കൂടിക്കാഴ്ചയിലും 
അവനിതുതന്നെ പറഞ്ഞുകൊണ്ടേയിരുന്നു 

ഞാനത് അവനു വിൽക്കുന്നില്ലെന്ന് കണ്ടപ്പോൾ 
അവന് ക്ഷോഭമായി . തൊട്ടതും പിടിച്ചതും കുറ്റമായി 
ഓരോ കൂടിക്കാഴ്ച്ചയും വഴക്കിലവസാനിച്ചു 
വഴക്കുണ്ടാക്കാനായി അവനോരോ കൂടിക്കാഴ്ചയും 
കരുതിവെച്ചു . ഞാനൊഴിവാക്കിയപ്പോൾ 
അവനെന്നെ തേടി വന്നു . വഴക്കുണ്ടാക്കാൻ മാത്രമായി 

പിന്നെയവനത്  മറന്നു. അവൻ വിവാഹിതനായി 
അവൻ അകന്നകന്ന് പോയി 
എന്നിൽനിന്ന് മാത്രമല്ല ; അവൻറെ വീട്ടുകാരിൽ നിന്നുകൂടി 
അവൻ അകന്നകന്നു പോയി 
അവൻറെ ഭാര്യാഗൃഹത്തിലേക്ക് 
അവൻ അകന്നകന്നു പോയി 
ഈ നാട്ടിൽനിന്ന് തന്നെ
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ