2018, നവംബർ 21, ബുധനാഴ്‌ച

എൻറെ ആദ്യ പ്രേമം

എൻറെ പ്രണയങ്ങൾ 
എൻറെ  അനന്തമായ പ്രണയങ്ങൾ 
എൻറെ അനന്തമായ രഹസ്യ പ്രണയങ്ങൾ 
ആദ്യമത് ജോസഫായിരുന്നു 
അതിസുന്ദരിയായ ഒരു പെണ്ണായിരുന്നു , അവൻ 
എനിക്കവനോട് പ്രണയമാണെന്ന് 
അവൻ പറഞ്ഞതായി ഒരാളെന്നോട് പറഞ്ഞു 
അവനങ്ങനെ പറഞ്ഞില്ലെന്നാണ് 
പറഞ്ഞിട്ടില്ലെന്നാണ് , ജോസഫ് എന്നോട് 
ഒരു പ്രണയകാലഹത്തിനു ശേഷം 
പറഞ്ഞത് 

പ്രണയകലഹം 
ആദ്യ പ്രണയ കലഹം 
അത് ഞാൻ പറയാം 
അന്ന്  ഞങ്ങൾ ഇരുവരും പത്താം ക്ലാസിലാണ് 
അവൻ, ഞാൻ പറഞ്ഞല്ലോ, അതിസുന്ദരിയായ ഒരു പെണ്ണ് !
ആരും നോക്കി നിന്നു പോകും 
അവനായിരുന്നു നാടകങ്ങളിൽ സ്ത്രീ വേഷം 
സ്വതേ സുന്ദരിപ്പെണ്ണ് ; സ്ത്രീ വേഷമണിഞ്ഞാലുള്ള കഥ പറയണോ !!
അവനോടെനിക്ക് അതികലശലായുള്ള പ്രേമം !!!
അപ്പോഴാണ് വില്ലൻ രംഗപ്രവേശം നടത്തുന്നത് 
ഞാൻ ജോസഫിനെ പഞ്ചാരയടിക്കുന്നു 
അവൻ എന്നോട് പറയുകയാണ് , ജോസഫ് പറഞ്ഞെന്ന് !!!!
ഇന്നാണെങ്കിൽ ഞാൻ ആഹ്ലാദിച്ചേനേ !
അന്നെനിക്ക് ക്ഷോഭമുണ്ടായി 
ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്നാണല്ലോ പ്രമാണം 
ഞാനവനോട് ഒന്നരദിവസം മിണ്ടിയില്ല 
അവനു നേരെ നോക്കിയതുപോലുമില്ല 
ഒന്നരദിവസം കഴിഞ്ഞപ്പോൾ 
അതായത് രണ്ടാമത്തെ ദിവസം ഉച്ചയ്ക്ക് 
ജോസഫ് ഒറ്റക്കരച്ചിൽ !!
എല്ലാവരും ചോദിക്കുന്നു , എന്താ കാര്യം ?
കാര്യമെന്താ ?? എല്ലാവരും ചോദിക്കുന്നു 
അവൻ ഏങ്ങലടിച്ചുകൊണ്ട് 
വിക്കി വിക്കി പറഞ്ഞു : " ____ എന്നോട് മിണ്ടുന്നില്ല "
എല്ലാവരുമെന്നെ നോക്കി 
"എന്താടാ നീ ഇവനോട് മിണ്ടാത്തത് ?", ചിലർ തിരക്കി 
ഞാനോടി അടുത്ത് ചെന്നു 
അവനെ നെഞ്ചോട് ചേർത്ത് അമർത്തി ഉമ്മ വെച്ചു 

കണ്ണീർ നനഞ്ഞ കവിളിണകളിൽ , ശോണാധരങ്ങളിൽ 
നറുപുഞ്ചിരി വിടർന്നു 
ജോസഫിനെ പഞ്ചാരയടിക്കുന്നെന്ന് പറഞ്ഞവൻറെ 
കറുത്ത മുഖം മാത്രം ഇരുണ്ടു 

പിന്നീട് അവൻ ചോദിച്ചു : നീയെന്തേ എന്നോട് മിണ്ടാതെ നടന്നു 
ഞാനാ കഥ പറഞ്ഞു 
അവൻ ആണയിട്ടു , അവനങ്ങനെ പറഞ്ഞില്ലെന്ന് 
അതായിരുന്നു എൻറെ ആദ്യ പ്രേമം 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ