2015, ജനുവരി 6, ചൊവ്വാഴ്ച

നഷ്ടമായത് എനിക്ക് മാത്രമാണ്

മരണം നാക്ക് നീട്ടി നുണയുന്നുണ്ടായിരുന്നിരിക്കണം
അവൻ എന്നോടൊപ്പം വരാൻ വിസമ്മതിച്ചു 
അവൻ എന്നോടൊപ്പം വന്നിരുന്നെങ്കിൽ 
അവനിന്നും ജീവനോടെ കണ്ടേനെ 



ഞാനവനെ വിളിച്ചു 
അവൻ ചോദിച്ചു :"എന്തിനാ?"
ശരിയാണ് , ഞാനവനോട് അങ്ങനെ ചെയ്തിട്ടുണ്ട് 
അന്ന് അവനതു ഇഷ്ടമായിരുന്നു 
എനിക്കവനെയും 
അവനെന്നെയും ഇഷ്ടമായിരുന്നു 



അതൊരു കാലം 
ഉല്ലാസത്തിന്റെ , സന്തോഷത്തിന്റെ നാളുകൾ 
അവനൊരു പൂത്തുമ്പി ആയിരുന്നു 
അവന്റെ സൗന്ദര്യം എന്നെ മോഹിപ്പിച്ച നാളുകൾ 
അവന്റെ സൗന്ദര്യം എന്നെ വിസ്മയിപ്പിച്ച നാളുകൾ 
സ്വവർഗ ഭോഗത്തെ കുറിച്ച് പുസ്തകങ്ങൾ നല്കിയ അറിവും 
മോഹൻജിത്ത് നല്കിയ പ്രായോഗിക അറിവുകളും 
ഞാനവനു പകർന്നു നല്കി 
അവന്റെ രൂപവും ഗന്ധവും സൗന്ദര്യവും ശബ്ദവും 
നുകർന്ന് ഞാനവനു മീതെ ഒരു കംബളമായി പടർന്നു 
"എന്തിനാ?",  ചോദ്യത്തിന്റെ അർത്ഥം അതായിരുന്നു 
അന്ന് അവനെന്നോടൊപ്പം വന്നിരുന്നെങ്കിൽ 
അവനിന്നും എന്നോടൊപ്പം കണ്ടേനെ 
അവനെന്നോടൊപ്പം വന്നില്ല 
മരണം നാക്ക് നീട്ടി നുണയുമ്പോൾ 
അവനെങ്ങനെയാണ് എന്നോടൊപ്പം വരാൻ കഴിയുക 



അന്ന്, ഞാൻ പോയതിനു ശേഷം 
ചിലർ ചെന്ന് വിളിച്ചു 
പ്രതിഷേധമാണത്രെ 
അവരോടൊപ്പം അവനും പോയി 
അവരെല്ലാവരും തിരികെയെത്തി 
അവൻ മാത്രം വന്നില്ല 
പ്രതിഷേധക്കാർ വീണ്ടും പ്രതിഷേധിച്ചു 
ഇത്തവണ അവന്റെ മരണത്തിലാണ് പ്രതിഷേധിച്ചത് 
അവൻ , ആ പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അവൻ 
ആ പാർട്ടിയുടെ രക്തസാക്ഷിയായി  മതിലുകളിൽ നിറഞ്ഞു 
രക്തസാക്ഷി സ്മാരകത്തിന്റെ രസീത് കുറ്റിയായി 
വീടുകളിൽ ഇരന്നു 
ഒടുവിൽ ഓർമ്മകളിൽ നിന്ന് പോലും തുടച്ചു മാറ്റപ്പെട്ടു 




അവനെക്കൊണ്ട്‌ ആർക്കും ഒന്നും നഷ്ടമായില്ല 
പലരും പലതും നേടിയതെ ഒള്ളൂ 
അവനെ നഷ്ടമായത് എനിക്ക് മാത്രമാണ് 
എനിക്ക് മാത്രം 
  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ