2014, ഡിസംബർ 8, തിങ്കളാഴ്‌ച

ചുംബന സമരം

ഞാൻ ചുംബന സമരത്തിൽ പങ്കെടുക്കില്ല 
ഞാൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല , എന്ന് 
സ്വാതന്ത്ര്യ സമര ചരിത്ര രചയിതാക്കൾ രേഖപ്പെടുത്തിക്കൊള്ളട്ടെ 
സ്വാതന്ത്ര്യ സമരമോ?
അതെ, സ്വാതന്ത്ര്യ സമരം 



ഒരു സമരവും ഒരു നാളും അവസാനിക്കുന്നില്ല 
സമരം അവസാനിക്കുന്ന നാൾ 
നാം സമരത്തിലൂടെ നേടിയതും അവസാനിക്കും 
നാം നേടിയ സ്വാതന്ത്ര്യത്തെ 
ഒരുനാൾ ആഘോഷിച്ച ശേഷം 
മറന്നു കൊള്ളാൻ നെഹ്രു നമ്മളെ ശീലിപ്പിചു
ബ്രിട്ടീഷ് ഭരണത്തെ നെഹ്‌റു ഭരണം പിൻപറ്റി 
ബ്രിട്ടീഷുകാരൻ സൃഷ്ടിച്ച മർദ്ദനോപാധികൾ 
ബ്രിട്ടീഷുകാരൻ സൃഷ്ടിച്ച നിയമങ്ങൾ 
എല്ലാം നെഹ്രു സമർത്ഥമായി ഉപയോഗിച്ചു 
ഭരണമാറ്റം ജനങ്ങൾക്ക് ഒന്നും നല്കിയില്ല 
വ്യവസായികളും , വ്യാപാരികളും , സമീന്ദാർമാരും 
സ്വാതന്ത്ര്യത്തിന്റെ അർത്ഥമറിഞ്ഞു 
അവർ ജനാധിപത്യത്തെയും , സ്വാതന്ത്ര്യത്തെയും 
ഒരു ദൂഷിത വലയത്തിൽ കുടുക്കി 
ജനാധിപത്യമെന്നത് കള്ളവോട്ടും, 
വോട്ടു ചെയ്യാൻ അനുവദിക്കാതിരിക്കലുമായി  
പോലീസിന്റെ തുറിച്ച കണ്ണും ലാത്തിയും ഭയന്ന് 
ജനം കുളിർന്നു വിറച്ചു 
ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചു എന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യം 
എന്താണെന്നറിയാതെ ജനം ശാപ വചനങ്ങൾ ഉരുവിട്ടുറങ്ങി 
എന്തായിരുന്നു , നെഹ്രു ?
ആരായിരുന്നു , നെഹ്രു ?



ഇന്നിപ്പോൾ ചുംബന സമരം വേണ്ടി വന്നത് എന്ത് കൊണ്ടാണ്?
ഇമ്മോറൽ ട്രാഫിക് ആക്റ്റ് പോലെയുള്ള 
ആഭാസ നിയമങ്ങൾ ഇന്നും നിലനില്ക്കുന്നതെന്തു കൊണ്ടാണ്?
ആരെയും മാനം കെടുത്താനും
ആരെയും ഭീഷണിയ്ക് അടിപ്പെടുത്തുവാനുമല്ലാതെ 
ഈ നിയമം എന്ത് സാമൂഹ്യ നീതിയാണ് ഉറപ്പ് വരുത്തുന്നത്?



ഇന്ത്യയിലെവിടെയും സഞ്ചരിക്കാം 
എല്ലാവരും സമന്മാരാണ് 
ഇത് പുസ്തകത്തിലെ കഥ 
രാഷ്ട്രീയ യജമാനമാരുടെയും 
ഉദ്യോഗസ്ഥ പരിഷകളുടെയും 
സമ്പന്നരുടെയും മാത്രം അവകാശം
മറ്റുള്ളവർ വായ തുറക്കരുത് 
നാവടക്കൂ 
പണിയെടുക്കൂ 



ജീവസ്സുറ്റ ഒരു പുതു തലമുറ 
ഉണരുന്നെന്നു തോന്നുന്നു 
ജന്മാവകാശങ്ങൾ അവർ നേടട്ടെ
ചുംബന സമരം 
ജനങ്ങളുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെ 
എല്ലാ ആശംസകളും നേരുന്നു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ