2014, ഡിസംബർ 20, ശനിയാഴ്‌ച

"എന്ത് കണ്ടു?"

അന്ന് ഞാൻ പുതിയ ആളായിരുന്നു 
ബാർബറയെ ലൈനടിച്ചു നടന്ന കാലം 
ജ്യോതിയായിരുന്നു ബാർബറയുടെ പ്രിയ സഖി 
ബാർബറ വലിയ ഉണ്ടക്കണ്ണുകൾ തള്ളിച്ച് എന്നെ നോക്കും 
ചോദിക്കുന്നതിനു മാത്രം മറുപടി 
എന്നോടൊന്നും തിരികെ ചോദിക്കില്ല 
വേഗത കുറച്ച് , അങ്ങനെ നടന്നു പോകും 
ഒരു വശത്ത് ജ്യോതിയുണ്ടാകും 
ബാർബറയ്ക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ 
ബാർബറ ജ്യോതിയോടു കാതിൽ മന്ത്രിക്കും 
ജ്യോതി എന്നോട് ചോദിക്കും 
ഞാൻ പറയുന്ന മറുപടി കേൾക്കും 


ബാർബറ വെളുത്ത് കൊഴുത്ത 
ഉയരം കുറഞ്ഞ സുന്ദരി ആയിരുന്നു 
അവളെ പലർക്കും ഇഷ്ടമായിരുന്നു 
പലരും അവളെ ലൈനടിച്ചു 
അവൾ ഒരു ലൈനിലും വീണില്ല 
ജ്യോതി വിവാഹിതയായിരുന്നു 
ജ്യോതിയായിരുന്നു അവളുടെ ഉപദേഷ്ടാവ് 


ആ സമയത്താണ് ഞാൻ പതിവായി 
സമീപത്തുള്ള വായനശാല സന്ദർശിക്കാൻ തുടങ്ങിയത് 
ഇരുപത്തൊന്നു വയസുള്ള മെലിഞ്ഞ ഒരു ചെക്കനായിരുന്നു കാരണം 
അവൻ വരും 
അവൻ പഠനം അവസാനിപ്പിച്ചിരുന്നു 
അവൻ വായനശാലയിലിരുന്നു 
പത്രങ്ങളായ പത്രങ്ങളൊക്കെ വായിച്ചു 
അവനു വേറെ പണിയൊന്നും ഉണ്ടായിരുന്നില്ല 
ഞാൻ ലഞ്ച് ബ്രേക്ക് പന്ത്രണ്ടു മണിക്ക് പുറത്തിറങ്ങും 
അവൻ അവിടിരുന്നു പത്രം വായിക്കുന്നുണ്ടാവും 
ഞാനും ചെന്നിരുന്നു പത്രം വായന തുടങ്ങും 
അങ്ങനെ ഞങ്ങൾ പത്രത്തിന്റെ തുണ്ടുകൾ കൈമാറിയും 
വായിച്ചും മിണ്ടിയും പറഞ്ഞും 
സുഹൃത്തുക്കളായി 
അതിനു രണ്ടു കടകൾക്കപ്പുറത്ത് 
ഒരു ചെറിയ കടയുണ്ടായിരുന്നു 
ഞങ്ങൾ അവിടെ നിന്നും ദോശ കഴിക്കുന്നത് പതിവാക്കി 
ഞങ്ങൾ രണ്ടു പേർ 
മൂന്നു ദോശ വീതം കഴിക്കും 
ചട്ണി ഫ്രീ 
ഓരോ ചായ കുടിക്കും 
പത്ത് രൂപ 
ഒരു പ്രായമേറിയ സ്ത്രീയാണ് കട നടത്തിയിരുന്നത് 
ഈ നിരക്കിൽ നഗരത്തിൽ ഒരിടത്തും 
ദോശയും ചായയും കിട്ടില്ലായിരുന്നു 




അക്കാലത്ത് ചന്ദ്രന്റെ ലോഡ്ജിലെ ഒരു മുറിയിലാണ് 
എന്റെ വാസം 
അവൻ സുഹൃത്തായതോടെ 
അവൻ എന്റെ ലോഡ്ജ് മുറിയിലെ നിത്യ സന്ദർശകനായി 
അതോടെ എന്റെ പത്ര പാരായണവും അവസാനിച്ചു 
അവനെ കാണാൻ വായനശാലയിൽ പോകേണ്ടല്ലോ 
അവൻ എന്നെ കാണാൻ എന്റെ ലോഡ്ജ് മുറിയിൽ  വരും  



വായനശാലയുടെയും ലോഡ്ജിന്റെയും പരിസരത്തായിരുന്നു 
വനജാക്ഷി എന്ന കറുത്തുരുണ്ട റ്റൈപ്പിസ്റ്റിന്റെ വീട് 
അതെനിക്കറിയില്ലായിരുന്നു 
ആ ചെക്കനെ -- രാഹുലിനെ -- വനജാക്ഷിക്കറിയാമായിരുന്നു
ഞാൻ പെട്ടെന്ന് പത്രപാരായണം തുടങ്ങിയപ്പോൾ 
വനജാക്ഷി മണം പിടിക്കാൻ തുടങ്ങി 
രാഹുലിനെ അവൾ ശ്രദ്ധിക്കാൻ തുടങ്ങി 
ഉച്ചയ്ക്ക് ദോശ  തിന്നു തുടങ്ങിയപ്പോൾ അവളതങ്ങുറപ്പിച്ചു
അവൻ എന്റെ ലോഡ്ജ് മുറിയിൽ എത്തുകയും 
മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയും ചെയ്തപ്പോൾ 
അവൾ കുശുകുശുക്കാൻ തുടങ്ങി




ഒരു ദിവസം ജ്യോതി എന്നെ വിളിച്ചു 
ബാർബറ ജ്യോതിയുടെ അടുത്ത് നിലത്ത് മിഴിയും നട്ടു നിന്നു 
സമീപത്ത് ആരും ഉണ്ടായില്ല 
"രാഹുൽ എന്നൊരു ചെറുക്കനെ അറിയാമോ?"
"അറിയാം"
"എങ്ങനെ അറിയാം?"
"കണ്ടു പരിചയം"
"അവനെന്തിനാ റൂമിൽ വരുന്നത്?"
"വെറുതെ"
"അവൻ വന്നാൽ വാതിൽ അടയ്കുമോ?"
"വാതിൽ ചാരിയിടും"
"എന്തിനാ വാതിലും ജനലും അടച്ചിടുന്നത്?"
"എന്തിനാ തുറന്നിടുന്നത്?"
"ചാരിയിടുകയല്ല, അടച്ചു കുറ്റിയിടും "
"കുറ്റിയിടുകയില്ല , ചാരിയിടും "
"വനജാക്ഷി , അവരുടെ അടുത്ത വീട്ടിലെ 
  ആറാം ക്ലാസ്സിൽ പഠിക്കുന്ന ചെറുക്കനെ പറഞ്ഞു വിട്ടു 
  അവൻ വന്നപ്പോൾ വാതിലും ജനലും കുറ്റിയിട്ടിരുന്നു 
  അവൻ ജനലിന്റെ ഊട്ടയിലൂടെ നോക്കീട്ട് എന്താ കണ്ടതെന്നറിയുമോ?"
ആരോ പുറത്ത് ഉണ്ടെന്നു രാഹുൽ സംശയം പറഞ്ഞ കാര്യം ഞാനോർത്തു 
ഞങ്ങൾ വാതിൽ  തുറന്നു നോക്കിയിട്ട് ആരെയും കണ്ടില്ല
"എന്ത് കണ്ടു?"
ജ്യോതി അതിനു മറുപടി പറഞ്ഞില്ല 
ജ്യോതിയും ബാർബറയും നടന്നകന്നു 



അതുവരെയും എപ്പോഴും എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്ന ബാർബറ 
എന്റെ മുന്നിൽ വരാതെ ആയി 
മൂന്നു മാസത്തിനു ശേഷം ബാർബറയുടെ വിവാഹം നടന്നു 
ബാർബറയ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്നും 
അത് പൊളിച്ചത് താനാണെന്നും 
വനജാക്ഷി പറഞ്ഞു നടന്നു 


ആയിടെ ഒരിക്കൽ മറ്റാരും കേൾക്കാനില്ലാതിരുന്നപ്പോൾ 
വനജാക്ഷി പറഞ്ഞ കഥകൾ 
ജ്യോതി എന്നോട് പറഞ്ഞു 
അത് പറയുമ്പോൾ എന്തോ ഒരാനന്ദം 
അവളനുഭവിക്കുന്നതു പോലെ തോന്നി  
ജ്യോതി ഇന്നും എന്റെ നല്ലൊരു സുഹൃത്താണ് 



വനജാക്ഷിയുടെ ഉപദേശമനുസരിച്ച് 
ബാർബറ വിവാഹം ചെയ്ത മനുഷ്യൻ ഒരു സ്വവർഗ ഭോഗിയാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ