2017, മേയ് 22, തിങ്കളാഴ്‌ച

അവൻ പൊയ്‌ക്കോട്ടെ --2

അവനെ പിടിച്ചു വെച്ചിരിക്കുകയാണ് 
കുറ്റം മോഷണമാണ് 
പി പി രാജുവിൻറെ കടയിൽനിന്നും അഞ്ഞൂറ് രൂപ മോഷിടിച്ചെന്ന് 
പി പി രാജു 
മോഷ്ടിച്ചില്ല ; പറഞ്ഞിട്ടാണ് എടുത്തതെന്ന് അവൻ 
അങ്കിൾ അഞ്ഞൂറ് രൂപാ  എടുക്കുവാ , എന്ന്  പറഞ്ഞിട്ടാണ് അവൻ
അഞ്ഞൂറിൻറെ ഒരു നോട്ടെടുത്തതെന്നു അവൻ 
അവൻ പറയുന്നത് താൻ കേട്ടില്ലെന്ന് പി പി രാജു 
കടയിലുണ്ടായിരുന്നവരാരും കേട്ടില്ല 
പി പി രാജു വളരെക്കാലമായി തൻറെ കടയിലെ കള്ളനെ കയ്യോടെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു 
ചില ദിവസങ്ങളിൽ കണക്ക് നോക്കുമ്പോൾ അഞ്ഞൂറോ ആയിരമോ കാണില്ല 
അങ്ങനെയാണ് ഒന്നുകിൽ അഞ്ഞൂറ് , അല്ലെങ്കിൽ ആയിരം 
എല്ലാ ദിവസങ്ങളിലുമില്ല 
ആഴ്ച്ചയിൽ ഏതെങ്കിലും രണ്ടു ദിവസം 
പി പി  രാജു കള്ളനെപ്പിടിക്കാൻ കാത്തിരുന്നു കാത്തിരുന്ന് പിടികൂടിയത് അവനെയായിരുന്നു 
പി പി രാജു അവനെ കടയ്ക്കുള്ളിൽ പിടിച്ചു വെച്ചിരിക്കുകയാണ് 
പി പി രാജു കള്ളനെ പിടിച്ച വാർത്ത കാട്ടുതീ പോലെ നാടാകെ പരന്നു 
ജോബി പറഞ്ഞാണ് ഞാൻ വിവരമറിഞ്ഞത് 
എടാ ജോബി നമ്മൾക്കതിലൊന്നിടപെടേണ്ട ? നീയും വാ 
ഞാൻ പറഞ്ഞു 
വേണോ ? അവൻ ചോദിച്ചു 
വേണം , ഞാൻ പറഞ്ഞു 
അങ്ങനെ ഞാനും ജോബിയും കൂടി സംഭവസ്ഥലത്ത് എത്തി 



അവൻറെ തന്ത  സ്ഥലത്തുണ്ടായിട്ടും വന്നില്ല 
തള്ളയും വന്നില്ല 
അവൻറെ വീട്ടിൽനിന്നാരും വന്നില്ല 
വരില്ല 
കാരണമുണ്ട് 
തന്തയുടെ ആദ്യവിവാഹത്തിലെ ഏക പ്രോഡക്ട് ആണവൻ 
അവൻറെ അമ്മയുടെ ഭൂമിയിലാണവർ താമസിക്കുന്നത് 
വീടും സ്വത്തും എല്ലാം അവൻറെ അമ്മയുടേതാണ് 
രണ്ടാം ഭാര്യക്ക് സ്വത്തോ പണമോ വീടോ ഇല്ല 
അവനെ ഇറക്കി വിടാത്തത് , ഓടിച്ചു വിടാത്തത് 
സ്വത്തെല്ലാം അവനു മാത്രമാവകാശപ്പെട്ടതായതുകൊണ്ടാണ് 
ഭൂമിയും വീടുമെല്ലാം വിറ്റ് മറ്റൊരിടത്തേക്ക് താമസം മാറണമെന്ന് 
തന്തയും , അതിനേക്കാളേറെ രണ്ടാം തള്ളയും അവനെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ് 
അവനത് അനുസരിക്കുന്നില്ല 
അങ്ങനെയിരിക്കുമ്പോഴാണ് പി പി രാജു അവനെ മോഷണത്തിന് പിടിച്ചുവെച്ചിരിക്കുന്നത് 
തന്തയും രണ്ടാം തള്ളയും പി പി രാജുവിൻറെ കടയിലേക്ക് പോയില്ലെങ്കിലും ഉഗ്രൻ പ്രഖ്യാപനം നടത്തി 
അവനു കള്ളനെന്ന് പേര് വീണതുകൊണ്ട്  നാട്ടിൽ താമസിക്കില്ല 
വീടും സ്ഥലവും ആർക്കെങ്കിലും കൊടുത്ത് നാടുവിടണം 



അവൻ കുനിഞ്ഞിരിക്കുകയും പി പി രാജു കഥാപ്രസംഗം നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളവിടെ ചെന്നത് 
പി പി രാജുവിൻറെ കഥാപ്രസംഗം ആളുകൾ സാകൂതം കേൾക്കുകയായിരുന്നു 
ഞാൻ പറഞ്ഞു : നീ ഇനിയൊന്നു നിർത്ത് ; അവനെന്താ പറയാനുള്ളതെന്നൊന്ന് കേൾക്കട്ടെ 
പി പി രാജു ഒന്ന് നിർത്തി 
ഞാൻ പറഞ്ഞു : നീ പറയ് , എന്താ സംഭവിച്ചത് ?
അവൻ   പൊട്ടിക്കരഞ്ഞു 
കരഞ്ഞുകൊണ്ടവൻ പറഞ്ഞു 
പാലിൻെറ കാശ് ചോദിച്ചു ,  അഞ്ഞൂറ് രൂപ എടുത്തോളാൻ പറഞ്ഞു ഞാൻ എടുത്തു 
എന്നോട് ചോദിച്ചുമില്ല , ഞാൻ പറഞ്ഞുമില്ല പി പി രാജു പ്രതിഷേധിച്ചു 
നിങ്ങള് മിണ്ടാതെ നില്ല് , ഞാൻ പറഞ്ഞു 
മുൻപ് അങ്ങനെ എടുത്തിട്ടുണ്ടോ ?
അയാള് പറഞ്ഞപ്പോഴൊക്കെ എടുത്തിട്ടുണ്ട് 
കണക്ക് ഉണ്ടോ ? 
അവൻ പാലിൻറെ കണക്കെഴുതുന്ന ഒരു ചെറിയ ഡയറി എടുത്തു വെച്ചു 
അതിൽ പാലിൻറെ കണക്കുണ്ട് 
ഇടയ്ക്കിടെ പാലിൻറെ വിലയായി അഞ്ഞൂറോ ആയിരമോ വരവ് വെച്ചിട്ടുണ്ട് 
ഇത് അയാളെടുത്തു തരികയായിരുന്നോ ? നീയെടുക്കുകയായിരുന്നോ?
അയാൾ ചിലപ്പോൾ എടുത്തുതരും ,എങ്കിൽ അയാൾ എഴുതും  ചിലപ്പോൾ എടുത്തോളാൻ പറയും , അപ്പോൾ ഞാനെഴുതും 
കണക്ക് പുസ്തകത്തിൽ രണ്ടു കയ്യക്ഷരമുണ്ട് 
പി പി രാജു ഇതെല്ലാം നിഷേധിച്ചു : എടാ കള്ളാ 
ഇയാള് എൻെറ വീടും സ്ഥലവും വാങ്ങാൻ നടക്കുവാ ഞാൻ ഒപ്പിടാത്തതിൻറെ ദേഷ്യമാ ഇയാക്ക് 
അവൻ പറഞ്ഞു 
ഞാൻ പറഞ്ഞു : രാജൂ നിനക്ക് പരാതിയുണ്ടോ ? പോലീസിനെ വിളിക്കാം ; ഇല്ലെങ്കിൽ ചെറുക്കനെ പറഞ്ഞു വിട് 
ഒത്തുതീർപ്പുണ്ടാക്കിയാൽ മതി രാജു പറഞ്ഞു 
എന്താടാ ഒത്തുതീർപ്പ് ?
അവൻ ഉരുണ്ടുകളിക്കാൻ നോക്കി 
ഇതിലെനിക്കെന്താ  കാര്യമെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 
നിന്നെ തല്ലുന്നത് ഞങ്ങൾ തല്ലണോ ? പോലീസുകാർ തല്ലണോ ?
ഇപ്പൊ ഞാനായോ കുറ്റക്കാരൻ ?
നീ കുറ്റക്കാരൻ തന്നെയാ സംശയം ഉണ്ടേൽ പോലീസിനെ വിളിക്കാം 
അവൻറെ വീട്ടുകാരെ ഓർത്താ പോലീസിൽ ഏൽപ്പിക്കാത്തത് 
രാജു പറഞ്ഞു 
അപ്പോ നീ പാലിൻറെ കാശ് കൊടുക്കുന്നില്ലേ ? എത്രനാളത്തെ കാശുണ്ടെടാ കൊടുക്കാൻ ?
കൊടുത്തല്ലോ ?
നീയല്ലേ പറഞ്ഞത് , നീ കൊടുത്തതല്ല , അവൻ മോഷ്ടിച്ചതാണെന്ന് ?
അവൻ മോഷ്ടിച്ചതാ 
തെളിവ് ?
അവൻറെ കയ്യിലിരിക്കുന്ന അഞ്ഞൂറ് രൂപ 
ഭ പരട്ട , ഞാൻ രാവിലെ കൊടുത്ത അഞ്ഞൂറാ അവൻറെ കയ്യിലിരിക്കുന്നത് 
രാജു എന്നെ കണ്ണുമിഴിച്ചു നോക്കി 
കാശു കൊടുക്കെടാ 
നീയെടുത്തില്ലിയോ ?രാജു ചോദിച്ചു 
നീ കൊടുത്തോടാ ? ഞാൻ രാജുവിനോട് ചോദിച്ചു 
രാജു പോയി കാശ് എടുത്തു 
ഇത്രയും നാളത്തെ കാശ് കൊടുക്കണം 
കാശ് കൊടുത്തതാ 
കാശ് കൊടുത്താൽ നീ കുറിക്കില്ലേ ?
കുറിക്കും 
അപ്പൊ നീ കുറിക്കാത്തതൊന്നും നീ കൊടുത്തിട്ടില്ല ?
രാജു മിണ്ടാട്ടമില്ലാതെ നിന്നു 
ഇനി ഇതുപോലെ തെണ്ടിത്തരം കാണിച്ചാൽ  അവൻറെ വീടും ഭൂമിയുമല്ല കിട്ടാൻ പോകുന്നത് , നീ അടികൊണ്ടു ചുരുളും , പറഞ്ഞേക്കാം പിന്നെ ഒരിക്കലും നീയിവിടെ കാലുകുത്തില്ല , പറഞ്ഞേക്കാം 

ഞാനും ജോബിയുമിറങ്ങുമ്പോൾ അവനും ഒപ്പം വന്നു 
ജോബി പോയപ്പോൾ ഞങൾ രണ്ടും മാത്രമായി 
അവൻ പറഞ്ഞു : ചേട്ടൻ വന്നത് രക്ഷയായി 
ഞാൻ പറഞ്ഞു :  പട്ടീടെ കൂടെ കിടന്നാലും 
                                   കുഷ്ടരോഗീടെ കൂടെ കിടന്നാലും 
അവൻറെ മുഖം വിളറി 
അവനൊന്നും പറഞ്ഞില്ല 
                                   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ