ഒരിക്കലും പറയരുതെന്ന് കരുതിയതാണ്
ഇത് പറയുന്നത് അവനിഷ്ടമല്ല
എങ്കിലും അവനെ തിരിച്ചറിയാൻ
ഞാൻ സാധ്യതയൊന്നും കാണുന്നില്ല
ഒരു പ്രോമിസ് ഉണ്ട്
ഇത് ആരോടും പറയില്ലെന്ന്
ഇത് എഴുതില്ലെന്ന്
ഇത് ആരോടും പറഞ്ഞിട്ടില്ല
ഇത് എഴുതിയാൽ
ആരെങ്കിലും അവനെ തിരിച്ചറിയുമെന്ന്
ഞാൻ കരുതുന്നില്ല
അത് കൊണ്ട്
ധൈര്യ പൂർവ്വം എഴുതുകയാണ്
എൻറെ ജീവിതത്തിലെ മധുവായ
മധുവിനോട് ക്ഷമാപണം നടത്തിക്കൊണ്ട്
മധു?
ഇല്ല മധു , നീ ഭയക്കേണ്ട
എത്രയോ ആളുകൾ ഉണ്ട്
മധു എന്ന പേരോടുകൂടി
ഒരു തമാശ കൂടി
അവൻറെ പേര് മധുസൂദനൻ നായർ എന്നായിരുന്നു
അവളെ ഞാൻ പ്രേമോദാരമായി വിളിച്ചിരുന്നത് മധു എന്നും
മധുമതി , ഞാൻ അവളെ പരിചയപ്പെടുത്തി
ഞങ്ങൾ മൂന്നു വർഷം ഒരുമിച്ചു താമസിച്ചു
എവിടെയെന്നു പറയില്ല
പറയാൻ പാടില്ല
അതൊരു സ്ഥലം മാറ്റത്തിൻറെ കഥയാണ്
വ്യക്തിപരമായ ചില ഈർഷ്യകൾ
ഒരു സ്ഥലം മാറ്റത്തിൽ അവസാനിച്ചു
എന്നെ ദ്രോഹിക്കാൻ ചെയ്ത കാര്യമാണ്
ഒന്നുകിൽ ഞാൻ ദിവസേന ബസ്സിൽ പോയി വരണം
അല്ലെങ്കിൽ ദിവസേന തീവണ്ടിയിൽ യാത്ര ചെയ്യണം
തീവണ്ടികൾ എപ്പൊഴുമില്ലല്ലൊ
വളരെ സമയ നഷ്ടം ഉണ്ടാവും
അല്ലെങ്കിൽ എൻറെ വീട് അടച്ചിട്ടിട്ട്
ഞാൻ അവിടെ പോയി താമസിക്കണം
അല്ലെങ്കിൽ ഞാൻ യൂണിയൻ നേതാവിൻറെ കാലു പിടിക്കണം
അല്ലെങ്കിൽ സ്ഥലം മാറ്റം നൽകിയ ഓഫീസറുടെ കാലു പിടിക്കണം
ഞാൻ നേരെ പുതിയ സ്ഥലത്തേക്ക് പോയി
ആരോടും പരിഭവം പറയാതെ
പരാതി പറയാതെ
നേരെ തീവണ്ടിയിൽ പുതിയ സ്ഥലത്തേക്ക് പോയി
അവിടെ നിന്നും ബസ്സിൽ
ഗ്രാമീണ മേഖല
പൊടി പറക്കുന്ന റോഡുകൾ
പുക തുപ്പുന്ന സ്വകാര്യ ബസ്സുകൾ
ഞാനൊരു ചെറിയ വീടെടുത്തു
നിസ്സാരമായ വാടക
ഭാര്യയുണ്ട് , കുടുംബമായി കഴിയാനാണ്
എന്നാണ് പ്രസ്താവം
വാസ്തവത്തിൽ ഒരു സ്ഥലം മാറ്റം ആഗ്രഹിച്ചിരുന്ന
സമയമായിരുന്നു , അത്
എൻറെ നഗരത്തിൽ ഒരു പുതിയ കഥയ്ക്ക്
സ്കോപ്പ് ഉണ്ടായിരുന്നില്ല
എല്ലാവർക്കും എന്നെ അറിയാം
ഉപ്പു ചേർക്കാതെ കഥകൾ അവർ വിഴുങ്ങുകയില്ല
മധു അന്ന് കോളേജിൽ പരീക്ഷയെഴുതി നിൽക്കുന്ന സമയം
മധുവിൻറെ ആശയവും ആഗ്രഹവുമായിരുന്നു , അത്
അവനെന്നോടൊപ്പം എൻറെ ഭാര്യയായി
ഒരു സ്ത്രീയായി ജീവിക്കണം
എല്ലാവർക്കും അവനെയും എന്നെയും അറിയാം
ട്യൂഷന് എൻറെ അടുത്ത് വരുന്ന വിദ്യാർഥി
അത്രയേ അറിയൂ
അത്രയേ അറിയാവൂ , കൂടുതൽ അറിയരുത്
ഞാൻ വീടെടുത്ത് അവനെ അറിയിച്ചു
അവൻ രാത്രിയിൽ വന്നു
രാവിലെ അവൾ കുളിച്ചൊരുങ്ങി അടുക്കളയിൽ കയറി
എപ്പോൾ വന്നു?
ഇന്നലെ രാത്രി
ഞാൻ പോയി കൂട്ടിക്കൊണ്ടു വന്നതാണ്
ഇന്നലെ രാത്രിയാണ് വന്നത്
ഭാര്യയാണ്
വിവാഹം കഴിഞ്ഞിട്ട് അധികമായില്ല
അവൻ രാത്രിയിൽ തീവണ്ടിയിൽ വന്നിറങ്ങി
അവൻ വന്നത് മധുസൂദനൻ നായർ ആയിട്ടാണ്
ഇറങ്ങാൻ നേരമായപ്പോൾ
അവൻ ബാത്ത് റൂമിൽ കയറി
വണ്ടി നിന്നപ്പോൾ ചൂരീദാർ ധരിച്ച്
യുവതിയായി എന്നോടൊപ്പം ഇറങ്ങി വന്നു
അധികം ആരും ഇറങ്ങാനില്ലാത്ത സ്ഥലം
ഞങ്ങൾ അവിടന്ന് ഒരു ഓട്ടോയിൽ വീട്ടിലെത്തി
അവനു മാത്രമായിരുന്നില്ല ,
എനിക്കുമതൊരു ത്രിൽ ആയിരുന്നു
ഒരു രഹസ്യം
ആ രാത്രി ശൂന്യ രാത്രി ആയിരുന്നു
അവനൊരു തലവേദന
ഗുളിക കഴിച്ച് അവൻ കിടന്നുറങ്ങി
അതെനിക്ക് സമ്മതമായിരുന്നു
എനിക്കവനോട് പ്രേമമായിരുന്നു
ആത്മാർഥമായ സ്നേഹം
ഞാനവനെ എങ്ങനെ സ്നേഹിച്ചു എന്ന്
എത്ര പറഞ്ഞാലും നിങ്ങൾക്ക് മനസ്സിലാവില്ല
അടുത്ത പകൽ കാണാനും പരിചയപ്പെടാനും
പലരും വന്നു
സ്ത്രീകൾ അവനോടൊപ്പം അടുക്കളയിൽ കൂടി
സ്ത്രീകളുടെ വർത്തമാനം അല്ലേ
അവനു ചമ്മലും ചൂളലും ഉണ്ടായിരുന്നു
അതൊക്കെ പുതുപ്പെണ്ണിൻറെ നാണമായി കരുതപ്പെട്ടു
പിന്നെ ഭാവാഭിനയം അവനൊരു ത്രിൽ ആയി
ശബ്ദം കൊണ്ടോ
പെരുമാറ്റം കൊണ്ടോ
അവനൊരിക്കലും സംശയിക്കപ്പെട്ടില്ല
മൂന്നു വർഷങ്ങൾ
ആയിരത്തിതൊണ്ണൂറ്റാറ് ദിവസങ്ങൾ
അവനൊരു സ്ത്രീയായി ജീവിച്ചു !
ആദ്യ കുറെ ദിവസങ്ങൾ
അസ്വാഭാവികമായി എനിക്ക് തോന്നി
അവനും അങ്ങനെ തോന്നിയിട്ടുണ്ടാവാം
പിന്നെ അവനൊരു ആണാണെന്നു ഞാൻ മറന്നു
മധു , ഞാൻ വിളിക്കും
അവളായി എൻറെ ജീവിതത്തിൻറെ വിളക്കും വെളിച്ചവും
പിന്നെ പഴയ ഓഫീസിലും
ഞാൻ വിവാഹിതനായി
ഭാര്യയുമൊത്ത് ജീവിക്കുന്ന കഥ പടർന്നു
അത് ഒരു വൈരത്തിൻറെ ഫലമായിരുന്നു
കറുത്ത തടിച്ചിയെ ഒന്ന് നോവിക്കാൻ
അവൾക്കെന്നോട് ചില ലീലകൾ ഉണ്ടായിരുന്നല്ലോ
അതിഷ്ടപ്പെടാതിരുന്നവർ
എൻറെ വിവാഹ ജീവിതത്തെ കുറിച്ച്
പൊടിപ്പും തൊങ്ങലും വെച്ച് സംസാരിക്കും
അവൾ കേൾക്കാനാണ്
അവൾ കേട്ടു
നോ കമെൻറ്
അവൾ മൌനം പാലിച്ചു
പക്ഷെ ഒരു ഞായറാഴ്ച അവൾ വന്നു
എൻറെ മിസ്സിസ്സിനൊപ്പം വളരെ നേരം ചിലവഴിച്ചു
ആ രാത്രി എൻറെ മധുവിനോപ്പം അവളുറങ്ങി
അവൻ ശരിയ്ക്കും പേടിച്ചു പോയി
അടുത്ത മുറിയിൽ
ഞങ്ങളുടെ രഹസ്യം കണ്ടുപിടിക്കുന്ന നിമിഷവും കാത്ത്
ഞാനുറങ്ങാതെ കിടന്നു
പക്ഷെ അവളൊന്നും കണ്ടുപിടിച്ചില്ല
അവളെന്തിനു വന്നു എന്ന് മധുവിന്
മനസ്സിലാക്കാൻ കഴിഞ്ഞില്ല
അവൾ പോകാൻ നേരത്ത്
മധുവിനെ പ്രശംസിക്കാൻ മറന്നില്ല
ഞങ്ങളുടെ ഒരു രാത്രി അപഹരിച്ചിട്ട്
അവൾ തിങ്കളാഴ്ച -- അന്ന് അവധി ആയിരുന്നു -- പോയി
പിന്നീട് പലപ്പോഴും അവൾ പെണ്ണല്ല എന്നത് ഞാൻ മറന്നു
അവളെനിക്ക് ജീവിതത്തിൽ പെണ്ണായി മാറി
സംസാരത്തിലും പെരുമാറ്റത്തിലും പെണ്ണായി
മൂന്നു വർഷങ്ങൾക്ക് ശേഷമുള്ള ഒരു ബുധനാഴ്ച
അവനൊരു രേജിസ്റെർഡ കത്ത് വന്നു
പി എസ സി യുടെ നിയമന കത്ത്
മധു വീണ്ടും മധുസൂദനൻ നായരായി നാട്ടിലേക്ക് പോയി
ഇന്നവൻ ഒരുദ്യോഗസ്ഥൻ
എവിടെയെന്ന് പറയില്ല
ഇത്ര തന്നെ പറയാൻ പാടില്ല
ഇപ്പോഴും ഞങ്ങൾ ---- ഉം യെസ്
അത്രയും അറിഞ്ഞാൽ മതി
അവൻ പോയതോടെ
ഞാൻ ട്രാൻസ്ഫർ വാങ്ങി തിരിച്ചു പോന്നു
പിന്നെ ഞാനെന്തിനു അവിടെ നിൽക്കണം ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ