2016 ഫെബ്രുവരി 27, ശനിയാഴ്‌ച

ആ രാത്രികളൊക്കെയും ഇനി വരാത്ത രാത്രികൾ

ആ രാത്രിയിൽ പോയൊളിക്കാൻ 
അവനു വേറൊരിടമില്ലായിരുന്നു 
അവൻ വന്നു 
ഏറെ നാൾ എന്നെ എപ്പോൾ കണ്ടാലും 
പരിഹസിച്ചിരുന്ന അവൻ 
അവനെന്നോട് സംസാരിക്കില്ലായിരുന്നു 
കാണാൻ അതി സുന്ദരനായിരുന്നത് കൊണ്ട് 
എപ്പോൾ കണ്ടാലും അവനെ ഞാൻ വിഷ് ചെയ്തിരുന്നു 
അവനെന്നെ പരിഹാസ വിഷയമായാണ് കണ്ടത് 
ഞാൻ എന്ത് ചോദിച്ചാലും 
അവൻ കള്ളമേ പറയൂ 
ഞാനത് വിശ്വസിച്ചിരുന്നു 
എൻറെ മുന്നിൽ  വെച്ച് 
മറ്റൊരാൾ ചോദിച്ചപ്പോൾ 
അവൻ സത്യം പറയുന്നത് കേൾക്കുന്നത്  വരെ 
അവനെന്നോട് കള്ളം പറയുകയാണെന്ന് 
ഞാനറിഞ്ഞിരുന്നില്ല 
മറ്റുള്ളവരോട് സത്യം പറയുകയും 
എന്നോട് കള്ളം മാത്രം പറയുകയും, ചെയ്തിരുന്നെങ്കിൽ 
അവനെന്നോട് എത്രമാത്രം അവഹേളനത്തോടെയാണ് 
സംസാരിച്ചിരുന്നത് 
ഞാൻ ചോദിച്ച് ഉത്തരമായി 
ഒരു കള്ളം അവൻ പറഞ്ഞയുടനെയാണ്   
മറ്റൊരാൾ അവനോട് അതേ ചോദ്യം ചോദിക്കുന്നത് 
അവൻ അയാളോട് സത്യം വിശദീകരിക്കുന്നത് 
ഞാൻ കേട്ടു നിന്നു 
പിന്നീടൊരിക്കലും ഞാനവനോട് സംസാരിച്ചില്ല 
പരിചയ ഭാവം കാട്ടിയില്ല 
അവനും അറിയുന്ന ഭാവം കാട്ടിയില്ല 
പക്ഷെ , ഇന്നവൻ 
ഈ രാത്രിയിൽ 
എൻറെ മുറിയുടെ വാതിൽക്കൽ മുട്ടി വിളിക്കുന്നു 
ഈ രാത്രിയിൽ അവനു പോയൊളിക്കാൻ 
വേറൊരിടമില്ല 



പറയാതെ വിളിക്കാതെ അവൻ വന്നു 
പറയാതെ വിളിക്കാതെ അവൻ അകത്ത് കയറി 
പറയാതെ വിളിക്കാതെ അവൻ 
അവൻറെ വലിയ ബാഗ് 
എൻറെ മുറിയിൽ  വെച്ചു 
അവൻ എൻറെ  കസേരയിൽ ഇരുന്നു 
ഝൂലയിൽ കനലുകൾ പ്രകാശിച്ചു 
മുറിയിൽ ഇളം ചൂടുണ്ടായിരുന്നു 
സുഖകരമായൊരു ചൂട്  
അവൻ മേശ പുറത്ത് കൈമുട്ടുകളൂന്നി 
മുഖം കുനിച്ച് 
മൗനം പൂണ്ടിരുന്നു 
വസ്ത്രങ്ങൾ മലിനമായിരിക്കുന്നു 
മലിനമായ കരി പുരണ്ട മുഖത്ത് 
ക്ഷീണവും ദൈന്യതയും 
നിറഞ്ഞു നിന്നു 



എനിക്ക് കഥകളൊക്കെ അറിയാം 
ഈ നഗരത്തിൽ എല്ലാവർക്കും അറിയാം 
അതങ്ങനെയാണ് 
പുറമേ നിന്ന് വരുന്നവർ വരത്തന്മാരാണ് 
ഇവിടെയുള്ളവർ അവർക്കെതിരെ ഒറ്റക്കെട്ടാണ് 
അതിലൊരൽപ്പം സ്വാർഥതയുണ്ട് 
ഇല്ലെങ്കിൽ സഹായിക്കേണ്ടി വരില്ലേ 
അമ്മായീടെ മോനല്ലല്ലോ , സഹായിക്കാൻ 



ഇതുവരെ രാജാവായിരുന്നു , അവൻ 
സുന്ദരൻ , സുമുഖൻ , സുകോമളൻ   
സുന്ദര വദനൻ 
സുസ്മേര വദനൻ 
അവൻ എല്ലാവരോടും മിണ്ടില്ല 
അവൻ ചിലരോടോക്കെയെ മിണ്ടൂ 
ഒരു സ്കൂൾ അദ്ധ്യാപകന് 
അവനോടു മിണ്ടാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല 
അവൻ നാട്ടിൽ നിന്നും വന്നിട്ട് നാലു മാസം ആകുന്നു 
ജോലിതേടി വന്നതാണ് 
വെറുതെ കുളിച്ചു കുറിയും തൊട്ട് 
രാവിലെ ഇറങ്ങും 
പ്രഭാത ഭക്ഷണം മുന്തിയ ഹോട്ടലിൽ നിന്ന് 
ഉച്ച ഭക്ഷണം മെസ്സിൽ നിന്ന് 
രാത്രി ഭക്ഷണം തിയെറ്റരിലെ ക്യാന്റീനിൽ 
തിയെറ്റരിൽ സിനിമ കാണാൻ പോകുന്നതാണ് 
ചിലവിനുള്ള പണം നാട്ടിൽ നിന്ന് വരും 
ഇതൊക്കെ തനിച്ചല്ല 
അതിനൊക്കെ കൂടെ പോകാൻ യോഗ്യരായി 
ചിലരൊക്കെ ഉണ്ട് 
എന്താ സംഭവിച്ചതെന്നറിയില്ല 
പിന്നെ പണം വരാതെയായി 
ചിലവിന് കാശില്ലാത്ത ഒരുത്തനെ തീറ്റിപോറ്റാൻ 
ആരാണുള്ളത് 
താമസിച്ചിരുന്നിടത്ത് നിന്ന് 
അവനെ ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു 
വിളിച്ചു കൊണ്ടുവന്നവൻ തന്നെ 
ഇറക്കി വിട്ടു 
അവനെ ഇറക്കി വിടുന്നെന്നു 
എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു 
വീട്ടിൽ കയറ്റരുത് 
അമ്മായീടെ മോനല്ലല്ലോ 




ഞാനൊന്നും ചോദിച്ചില്ല 
അവനൊന്നും പറഞ്ഞില്ല 
കൈ കഴുക് -- ഞാൻ പറഞ്ഞു 
ഞാൻ എൻറെ കൈ കൊണ്ട് ചുട്ടെടുത്ത ചപ്പാത്തി 
ഉരുളക്കിഴങ്ങ് കറി 
ഞങ്ങളൊരുമിച്ചിരുന്നു കഴിച്ചു 
കഴിക്കുമ്പോൾ അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി 
ഞാനൊന്നും ചോദിച്ചില്ല 
ചോദിച്ച കാലത്ത് അവൻ 
എന്നോട് കള്ളം മാത്രം പറഞ്ഞെന്നെ 
പരിഹസിച്ചു   
പിന്നെ , എനിക്കറിയാത്തതായി 
എന്താണുള്ളത് 
എനിക്കും മുന്നറിയിപ്പ് കിട്ടിയിരുന്നു 
അവൻ ഗതിയില്ലാതെ അലഞ്ഞു നടപ്പുണ്ട് 
വീട്ടിനകത്ത് കയറ്റരുത് 
ബാദ്ധ്യതയാവും 



അന്ന് ഞാൻ താമസിച്ചിരുന്നത് 
ഒരു കിടപ്പ് മുറിയും 
ഒരു അടുക്കളയും മാത്രമുള്ള 
ഒരു വീട്ടിലായിരുന്നു 
ഞാനൊരാൾ താമസിക്കാൻ അത് മതിയല്ലോ 
ഞാൻ വെറുമൊരു സ്കൂൾ അദ്ധ്യാപകൻ 



അവൻ ബാഗിൽ നിന്ന് 
നാറുന്ന ഒരു കൈലിയെടുത്ത് 
നിലത്ത് വിരിച്ചു കിടക്കാൻ തുടങ്ങി 
ഞാൻ കൈലി വാങ്ങി ഒരു കോണിൽ ഇട്ടു 
എന്നോടൊപ്പം കട്ടിലിൽ കിടന്നോളാൻ പറഞ്ഞു 
അവൻ ആദ്യമായി എൻറെ മുഖത്ത് നോക്കി 
പിന്നെ കട്ടിലിലെ കിടക്കയിൽ 
രസോയിക്കുള്ളിൽ 
അവൻ നൂണ്ടു കയറി 



നാല് മാസം കഴിഞ്ഞാണ് ആസ്സാം രൈഫിൽസിൽ 
ടെസ്റ്റ്‌ നടന്നത് 
ആദ്യം മെഡിക്കൽ ടെസ്റ്റിൽ ഔട്ടായി 
ചെവിയിൽ ചെവിക്കായം 
ക്ലീൻ ചെയ്തിട്ട് വാ 
ക്ലീൻ ചെയ്തിട്ട് ചെന്നു 
ഇപ്പോൾ ഇൻ ആയി 
പക്ഷെ ട്രെയിനിങ്ങിനു പോകാൻ സമയമായപ്പോൾ 
മഞ്ഞപ്പിത്തം 
ഒരു മാസത്തോളം ചികിത്സ 
അത് കഴിഞ്ഞ് ട്രെയിനിങ്ങിന് 



അവൻ ട്രെയിനിങ്ങിനു പോയിക്കഴിഞ്ഞപ്പോൾ 
പുതിയൊരു പരാതി 
അവൻ ട്രെയിനിങ്ങിനു പോകുന്നത് 
അവനെ കൊണ്ടുവന്നവനോട് പറഞ്ഞില്ല 
ഏതായാലും അയാളല്ലേ 
അവനെ ഇവിടെ കൊണ്ട് വന്നത് 
അതുകൊണ്ടല്ലേ അവനിപ്പോൾ 
സെലക്ഷൻ കിട്ടിയത് 



ട്രെയിനിംഗ് ക്യാമ്പിൽ നിന്നും അവൻ വന്നത് 
വളരെ സന്തോഷത്തോടെയാണ് 
അതിനു മുൻപ് ഞങ്ങൾ ഒരുമിച്ചുറങ്ങിയത്  
അനിവാര്യമായത് കൊണ്ടാണ് 
അന്ന് രാത്രി ഞങ്ങളൊരുമിച്ചുറങ്ങിയത് 
അവൻറെ സന്തോഷം പ്രകടിപ്പിക്കാനായിരുന്നു 
ആ രാത്രി അവൻ സ്വയം സമർപ്പിക്കുകയായിരുന്നു 



ആ രാത്രികളൊക്കെയും 
ഇനി വരാത്ത രാത്രികൾ    




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ