2017, ജൂൺ 26, തിങ്കളാഴ്‌ച

ആ ലോകത്തിലേക്ക് .

' .... സാലിമോളേ , വിനതിമോളോട് പറയണം ഇനിയൊരിക്കലും ഈ ചേച്ചി തിരിച്ചു വരില്ലെന്ന് . ഈ ചേച്ചി പോകുന്നു. ഒരിക്കലും ആർക്കും ഭാരമാകാതെ , അജ്ഞാതമായ ആ ലോകത്തിലേക്ക് .

                                                                                                        സ്വന്തം ചേച്ചി


ഒരിക്കൽക്കൂടി ആ കത്ത് വായിക്കണമെന്ന് അവൾക്ക് തോന്നിയില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി , കണ്ണുനീർ വീണു നനഞ്ഞ കവിൾത്തടങ്ങളും , മാറിടവുമായി അവൾ എഴുന്നേറ്റു.കത്തെടുത്തു മടക്കി കവറിലിട്ടു. സാലിമോളുടെ മേൽവിലാസമെഴുതി മേശപ്പുറത്തു വെച്ചു . പേപ്പർ വെയിറ്റ് അതിനുമുകളിൽ വെച്ചു .



അവൾ ശബ്ദമുണ്ടാക്കാതെ മുറിതുറന്നു. പുറത്തിറങ്ങി. ജ്യേഷ്ഠ മാസത്തിലെ അമാവാസി. കറുത്തിരുണ്ട രാത്രി. ശക്തിയായി പെയ്യുന്ന മഴ. വെളിച്ചം ഒട്ടുമില്ലാത്തത് നന്നായി. മഴയിൽ അവൾ നിമിഷം കൊണ്ട് കുളിച്ചു. അവളുടെ കണ്ണുനീർ പ്രവാഹം ഒന്നുകൂടെ ശക്തമായി. അവൾ വേഗത്തിൽ ഓടിത്തുടങ്ങി. എത്തേണ്ടിടം അവൾക്കറിയാം.


                                                           &&&


പത്തുവർഷം മുൻപ് ഇതുപോലൊരു രാത്രിയിലാണ് ആദ്യമായി  അവൾ പുറത്തിറങ്ങിയത്. അന്ന് രാത്രിയുടെ നിശ്ശബ്ദതയിൽ കതകിൻറെ  സാക്ഷ നീക്കുമ്പോൾ  കൈകൾ വിറച്ചിരുന്നു. ഹൃദയം ശക്തിയായി മിടിച്ചിരുന്നു. പക്ഷെ എല്ലാവരും ഉറക്കത്തിൻറെ  ലയത്തിൽ അമർന്നു കിടക്കവേ , അവൾ എഴുന്നേറ്റു. കതക് തുറന്നു പുറത്തിറങ്ങി. നിലാവിൽ മുങ്ങിയ മുറ്റത്ത് കിളിച്ചുണ്ടൻ മാവിൻറെ   നിഴലിൽ നിന്നു . കിളിമരത്തിൽ പടർന്നു ചുറ്റിയ മുല്ല , പൂക്കളാകുന്ന ആയിരം കണ്ണുകളാൽ അവളെ നോക്കിചിരിച്ചു. രാവിന് പാലപ്പൂവിൻറെയും നിശാഗന്ധിയുടെയും തീക്ഷ്ണ ഗന്ധമുണ്ടായിരുന്നു. പക്ഷേ , അവൾ അതൊന്നുമറിഞ്ഞില്ല. തുടികൊട്ടുന്ന ഹൃദയവുമായി അവൾ വീടിൻറെ പിന്നാമ്പുറത്തേക്ക് നടന്നു. അവിടെ പ്ലാവും മാവും കൂടി സൃഷ്ടിച്ച ഇരുളിൻറെ ഇരുളിൽ കാത്തിരുന്ന വേണുവേട്ടൻറെ കരവലയത്തിലൊതുങ്ങി .



ഹാ ...... ഇന്നോർമ്മിക്കുമ്പോഴും ഹൃദയം നുറുങ്ങിപ്പോകുന്നു. ആ പ്രേമവും കപടമായിരുന്നു. വഞ്ചനയായിരുന്നു. ആദ്യ പ്രേമം .


ആർത്തിയോടെ   വാരിപ്പുണർന്ന വേണുവേട്ടൻറെ കരങ്ങളിലേക്ക് വീണുപോയി. വേണുവേട്ടൻറെ കരങ്ങളിൽ കാമാവേശം ആളിക്കത്തുന്നതറിഞ്ഞപ്പോൾ പിടിവിടുവിക്കാൻ ആവുന്നത് ശ്രമിച്ചു. വേണുവേട്ടൻ ഒരു ബലാത്കാരത്തിനു മുതിരുകയായിരുന്നു. വേണുവേട്ടൻ ഒരു മൃഗമായി മാറുകയായിരുന്നു.


സ്നേഹത്തോടെ തലോടിയിട്ടുള്ള ആ കരങ്ങളിൽ അവൾ ശക്തിയായി കടിച്ചു.വായിൽ ഉപ്പുരസം പരക്കുന്നതും  വേണുവേട്ടൻറെ പിടി അയയുന്നതും അവൾ അറിഞ്ഞു.  അവൾ ഓടി മുറിക്കുള്ളിൽ കയറി. കതകിനു സാക്ഷയിട്ടു. നിന്നു കിതച്ചു. ശബ്ദങ്ങൾക്ക് വേണ്ടി കാതോർത്തു . ഒരു നിമിഷം. പിന്നെ കട്ടിലിലേക്ക് വീണു. കമഴ്ന്നുകിടന്നു കരഞ്ഞു, മതിയാവോളം.



ആദ്യ പ്രേമത്തിൻറെ അന്ത്യം.  അപ്രതീക്ഷിതവും ക്രൂരവുമായ അന്ത്യം. വേണുവേട്ടൻ . വേണുവേട്ടൻ പിന്നീടെന്തെല്ലാമാണ് പറഞ്ഞു നടന്നത് .


വേണ്ട. എന്തിനോർമ്മിക്കണം ?എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മിഠായി വാങ്ങിത്തന്ന് , തന്നെ ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിച്ച രാമപ്പണിക്കരമ്മാവനെക്കാൾ ഭേദമായിരുന്നുവല്ലോ വേണുവേട്ടൻ എന്ന മൃഗം.  ഒരിക്കൽ പണിക്കരമ്മാവൻ വികൃതികൾ കാട്ടവേ , 'അമ്മ കടന്നുവന്നു. അമ്മാവൻറെ മുഖം കുനിഞ്ഞു. മുഖം വാദി. ഒന്നും പറയാതെ ഇറങ്ങിപ്പോയി. അന്ന് പൊതിരെ തല്ലു കിട്ടി, അമ്മയുടെ കയ്യിൽ നിന്നും. അതെന്തിനാണെന്ന് അവൾക്കന്നു മനസിലായിരുന്നില്ല.



ഇന്നെല്ലാം ഓർമ്മിക്കുന്നു. ജീവിതത്തിൻറെ ഈ അന്ത്യനിമിഷങ്ങളിൽ.



സ്നേഹത്തോടെ തങ്ങളുടെ വീട്ടിൽ മിക്കപ്പോഴും വരാറുണ്ടായിരുന്ന ഭരതനമ്മാവൻ . അമ്മയുടെ -- ലക്ഷ്മിക്കുട്ടിയമ്മയുടെ -- നേരാങ്ങള . അളിയനെയും പെങ്ങളേയും  അയാൾക്കെത്ര  സ്നേഹമായിരുന്നു. എത്ര പണം വേണമെങ്കിലും എപ്പോൾ വേണമെങ്കിലും റെഡി . ചിലപ്പോഴൊക്കെ അച്ഛനും അമ്മാവനും ഒന്നിച്ചു ചാരായം കുടിച്ചു. തമാശകൾ പറഞ്ഞു.


പക്ഷേ , കാലം കഴിഞ്ഞപ്പോൾ , ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വീതം കിട്ടിയ പുരയിടങ്ങളും നിലങ്ങളും ഭരതനമ്മാവൻറെ  വകയായി. അമ്മാവൻറെ ഔദാര്യത്തിൽ ജീവിക്കേണ്ടി വന്നു.  അമ്മാവൻറെ സ്വഭാവം മാറി. പക്ഷേ അപ്പോഴേക്കും മറ്റൊന്നുകൂടി സംഭവിച്ചു.



അമ്മാവൻറെ ഏകമകൻ ജയദേവൻ ഒരു ദിവസം അവളെ വഴിയിൽ വെച്ച് കണ്ടപ്പോൾ വേണുവിനെ കുറിച്ച് ചോദിച്ചു. അവൾ കരഞ്ഞുപോയി. പക്ഷെ അവൾ സത്യം മുഴുവൻ അതേ രീതിയിൽ പറഞ്ഞു. പിന്നീട് അവർ മിക്കപ്പോഴും കണ്ടുമുട്ടി. ചിലപ്പോഴൊക്കെ ചിരിച്ചു. ഒരു ദിവസം അവൻ വഴിയരികിൽ കാത്ത് നിന്നു . അവൾ വന്നു. അവൻ ചിരിച്ചു. അവൾ ചിരിച്ചു. അവൾ നടന്നു. അവൻ പുറകു വിളിച്ചു.:"പത്മിനി ഒന്ന് നിൽക്കൂ ".



അവളുടെ മനസ് ഒന്നു പതറി. അവൾ നിന്നു . ജയൻറെ മുഖത്ത് നോക്കി. എന്താണാവോ വേണുവേട്ടൻ പുതുതായി എന്തെങ്കിലും പറഞ്ഞു പിടിപ്പിച്ചുവോ, ആവോ?


"എനിക്ക് പത്മിനിയെ ഇഷ്ടമാണ്"



അവളുടെ മുഖത്തെ ചിരി മാഞ്ഞു . മുഖം കുനിഞ്ഞു. അവൾക്ക് എന്ത് പറയണമെന്നറിഞ്ഞുകൂടാ. അവൾക്ക് ഇഷ്ടമാണ്. പക്ഷേ



അതെങ്ങനെ പറയും? ഈ ജയേട്ടനും വേണുവേട്ടൻറെ തരക്കാരനായിക്കൂടെ ? കാര്യം കാണാൻ എന്തും പറഞ്ഞുകളയും.


ഇന്ന് പറയും . "ഞാൻ നിന്നെ സ്നേഹിക്കുന്നു." പിന്നെ പ്രേമത്തിൻറെ പവിത്രതയെ കുറിച്ചു പ്രസംഗിക്കും. ചാരിത്ര്യത്തെ പുകഴ്ത്തും. കുറെ കത്തുകൾ എഴുതും . പരസ്പര വിശ്വാസത്തെ കുറിച്ചു പറയും. പിന്നീട് ഒരു  സ്പർശനം . ഒരു ചുംബനം. തുടർന്ന് അടക്കം പറയുകയായി .ചെവിയിൽ ഒരു നിശ്വാസം പോലെ . അല്ലെങ്കിൽ കത്തിൽ കുറിക്കയായി , പ്രത്യേകം അടിവരയിട്ട് :"ഇന്ന് രാത്രി നീ പുറത്തിറങ്ങി വരണം . ഞാൻ കാത്തിരിക്കും. ഒരു കാര്യം പറയാനാണ് " .



അങ്ങനെയാണല്ലോ , ആദ്യ പ്രേമത്തിൻറെ പാഠം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ