നല്ല കൊഴുത്തുരുണ്ട വെളുത്ത ഒരു ചെക്കനായിരുന്നു
ഒരു ഹോട്ടലിൽ നിൽക്കുകയാണവൻ
അവനെ കണ്ടതുമുതൽ അവിടന്നായി ചായ
ചായ, ദോശ
അവൻ കൈകൊണ്ടു തൊട്ട ദോശ തിന്നാമല്ലോ
അവൻ കൈകൊണ്ടു തൊട്ട ഗ്ലാസ്സിലെ ചായ കുടിക്കാമല്ലോ
കറുത്ത ഉരുണ്ട വലിയൊരു കരിംപാറക്കല്ലുപോലെ
ചായക്കടക്കാരൻ കാശു പെട്ടിക്കരികിലിരുന്നു
ഒന്നും കാണുന്നില്ലെന്ന മട്ടായിരുന്നു അയാൾക്ക്
അകത്ത് അടുക്കളയിൽ ചായയടിക്കാൻ നിന്നവൻ
ദോശ ചുടുന്നവനോട് പറഞ്ഞു
" അവൻ വന്നേപ്പിന്നെ ചായകുടിക്കാൻ ആള് കൂടുതൽ വരുന്നുണ്ട് "
പ്രസ്താവന ഞാൻ കേട്ടു അവൻ കേട്ടു . മറ്റുപലരും കേട്ടു
കരിമ്പാറ കേട്ടോ എന്നറിയില്ല
ഒരു ദിവസം അർദ്ധരാത്രിയോടടുത്ത് അവനോടി വന്നു
വാതിലിൽ തട്ടുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ അവൻ നിന്നു കിതയ്ക്കുന്നു
ഞാൻ വാതിൽ ഒഴിഞ്ഞു നിന്നു
അവൻ അകത്തേക്ക് വന്നു
ആരോ അവനെ പുറത്ത് നിന്ന് വിളിച്ചു
ഞാൻ ടോർച്ചുമായി പുറത്തേക്ക് ചെന്നു
ചായയടിക്കുന്നവനും ദോശ ചുടുന്നവനും റോഡിൽ നിന്നു
അവർ അവനെ പേരുചൊല്ലി വിളിച്ചു
അവൻ പുറത്തേക്ക് വന്നില്ല
"അവനെ ഇറക്കി വിട് , സാറേ . അല്ലെങ്കിൽ പ്രശ്നമാ "
"എന്ത് പ്രശ്‍നം ?"
ഒരുത്തൻ ഭീഷണിപ്പെടുത്തി
"കേറിവന്ന് പിടിച്ചിറക്കണോ ?"
അവൻ ഇറങ്ങി വന്നില്ല
"നീ തന്തയ്ക്ക് പിറന്നവനാണെകിൽ ഒന്ന് അകത്ത് കേറി പിടിച്ചിറക്ക് "
അവൻ മറുപടിയൊന്നും പറഞ്ഞില്ല
അവൻ കയറി വന്നതുമില്ല
"സാറിനോടുള്ള സ്നേഹം കൊണ്ട് പറയുകയാ , അവനെ ഇറക്കി വിട് "
"എന്നാ പോകുകയല്ലേ ?" എനിക്ക് കിടക്കണം " ഞാൻ പറഞ്ഞു
"അവനെ ഇറക്കിവിട് , സാറേ "
"ഇല്ലെന്ന് പറഞ്ഞില്ലേ ? പോകാൻ നോക്ക് "
ഞാൻ അകത്തേക്ക് കയറി വാതിൽ അടച്ചു
അവനപ്പോഴും ബെഡിൽ തലക്ക് കയ്യുംകൊടുത്തിരിക്കുകയാണ്
ഞാൻ എന്താണ് പ്രശ്‍നം എന്ന് ചോദിച്ചു
ഛെ , ആ ചായക്കാരൻ രാത്രിയിൽ ലൈറ്റണച്ച് അവനടുത്ത് കിടന്നു
ന്നിട്ട്
അവൻ പിടിവിടുവിച്ച് ഇറങ്ങിയോടി
അവനു പരിചയമുള്ള എൻറെ അടുത്തേക്ക് പോന്നു
അതായത് ഇനി അവിടെ അവന് ജോലിക്ക് നിൽക്കാൻ കഴിയില്ല
വേറെയെവിടെയെങ്കിലും ജോലി കിട്ടണം
അതൊരു തലവേദന
ചായക്കടക്കാരൻ അവനെ പൂട്ടാൻ നോക്കും
അത് വേറൊരു തലവേദന
അവരു പൂട്ടാൻ നോക്കട്ടെ , അപ്പോൾ അത് നോക്കാം , ഞാൻ പറഞ്ഞു
പിന്നെ ജോലി , അതും നോക്കാം
ജോലി കിട്ടുന്നത് വരെ ഇവിടെ കൂടിക്കോ , ഞാൻ പറഞ്ഞു
രാവിലെ ഓഫീസിൽ പോകും മുൻപ് അവനെ അടുത്ത വീട്ടുകാർക്ക് പരിചയപ്പെടുത്തി
ഞാനില്ലാത്തപ്പോൾ അവർ വന്നു അവനെ ബലമായി പിടിച്ചുകൊണ്ടു പോകരുതല്ലോ
പോലീസിലുള്ള ഒരു സുഹൃത്തിനെയും വിളിച്ച് കാര്യം പറഞ്ഞു
അപ്പോൾ സുഹൃത്താണ് പറഞ്ഞത് റിക്രൂട്ട്മെൻറ് നടക്കുന്ന വിവരം
അവനെ അപ്പോൾത്തന്നെ അവിടേക്കു കൂട്ടിക്കൊണ്ടു പോയി
ഹൈറ്റും വെയിറ്റും ഓക്കേ
ഓട്ടം ചാട്ടം ഓകെ
ഒടുവിൽ തല മൊട്ടയടിച്ച
പരിശീലന ക്യാമ്പിലേക്ക്
പോകും മുൻപ് കൊച്ചുകുട്ടികളെപ്പോലെ
എന്നെ കെട്ടിപ്പിടിച്ച് കുറച്ചു കരഞ്ഞു
പിന്നെ ചിരിച്ചു
ഹാപ്പിയായി അവൻ പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ