അവൻ ബസ് സ്റ്റാൻഡിൽ ഒരു തൂണിൽ ചാരി നിൽക്കുകയായിരുന്നു
ഞാൻ അടുത്ത് ചെന്നു നിന്നു
പിന്നെ കുറച്ചുകൂടി അടുത്ത് നിന്നു
ആളുകൾ വരികയും പോവുകയും ചെയ്യുമ്പോൾ ഒഴിഞ്ഞൊഴിഞ്ഞ്
അവനോട് ചേർന്നായി നിൽപ്പ്
കുറെ നേരമായി അവനവിടെ നിൽപ്പാണ്
ഞാൻ ചോദിച്ചു :"എവിടെ പോകാനാണ് ?'
അവനെന്നെ ഒന്ന് നോക്കി . ഒന്നൂടെ ഒഴിഞ്ഞു നിന്നു
അവനൊന്നും പറഞ്ഞില്ല
എന്നിട്ട് അവനവിടെ നിന്നും പോയി
എവിടെ വരെ പോകാനാ ?
ഞാനവനെ ദൃഷ്ടിപഥത്തിനു പുറത്താകാതെ ശ്രദ്ധിച്ചു
സാധനം വീട്ടിൽനിന്നിറങ്ങിപോന്നതാകണം
ഒരു പക്ഷെ വീട്ടിൽനിന്നടിച്ചു പുറത്താക്കിയതാവാം
ഒരു മാൻമിസ്സിങ് കേസുപോലും ഉണ്ടാവില്ല
ഞാൻ കരുതിയതുപോലെ തന്നെ
അവനൊന്നു അവിടെയുമിവിടെയും നടന്നിട്ട്
പഴയ തൂണിനെ തന്നെ ചാരി നിൽക്കാൻ തുടങ്ങി
ഞാൻ ചെന്ന് കയ്യിൽപിടിച്ചിട്ട് ഒരു ചായകുടിക്കാൻ വിളിച്ചു
അവനെന്നെ ഒന്ന് നോക്കി
ഞാൻ ചിരിച്ചു :" അജിത്ത് നിൻറെ കൂടെ പഠിച്ചതല്ലേ ?"
അവനത് സമ്മതിച്ചു
" നീയിപ്പോ എന്ത് ചെയ്യുന്നു ?"
" ബി എ കഴിഞ്ഞു "
'നീ ഇപ്പൊ എവിടെ പോവാ ?"
അവനതിനു മറുപടിയുണ്ടായില്ല
ഞാൻ പറഞ്ഞു : " വാ , ചായകുടിക്കാം "
ചായക്കടയിലേക്ക് നടക്കുമ്പോൾ അവന് ഒരു സംശയം
" അജിത്തിനെ എങ്ങനെ അറിയാം ?"
ഏത് അജിത് ? എന്ത് അജിത് ? എനിക്കൊരു അജിത്തിനെയുമറിയില്ല
അങ്ങനെ പറയാൻ കഴിയില്ലല്ലോ
അതുകൊണ്ട് ഞാനൊന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ