2017, ജൂൺ 23, വെള്ളിയാഴ്‌ച

അവൻ

എടാ       
അവൻ തിരിഞ്ഞു നിന്നു ; നല്ലത് 
ഞാൻ അടുത്തു ചെന്നു 
എന്താ ? അവൻ ചോദിച്ചു ; വളരെ നല്ലത് 
ചുറ്റും നോക്കി ; ആരുമില്ല ; വളരെ നല്ലത് 
രാവിലെ ഇറങ്ങിയപ്പോൾ ഇവനെ കാണണമെന്ന് ആഗ്രഹിച്ചു ; കണ്ടു 
കാണുമ്പോൾ ഇവാൻ തനിച്ചായിരിക്കണേയെന്നാഗ്രഹിച്ചു ; സാധിച്ചു 
ഇതൊക്കെയാ ദൈവത്തെക്കൊണ്ടുള്ള മനുഷ്യൻറെ ആവശ്യങ്ങൾ 
ഇതൊക്കെ സാധിച്ചുതരാനല്ലെങ്കിൽ പിന്നെ ദൈവം എന്തിനാ ?
രാവിലെ നീ എന്താ ഇത്ര ധൃതിയിൽ ?
അവൻ നെറ്റി ചുളിച്ചു 
അങ്ങനെ ലോഹ്യം പറയാനുള്ള പരിചയമോ അടുപ്പമോ ഞങ്ങൾക്കില്ല 
എന്തിനാ വിളിച്ചേ ? അവൻ ചോദിച്ചു 
നിന്നോടൊരു കാര്യം പറയാനാ വിളിച്ചത് 
എന്ത് കാര്യം ?
ഇത്തിരി നീട്ടിക്കൊണ്ടുപോയി പറയാമെന്ന് വെച്ചാൽ 
നീട്ടിക്കൊണ്ടുപോകാൻ അവനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല 
എന്തെങ്കിലും വളവളാന്ന് പറഞ്ഞു നീട്ടിക്കൊണ്ടുപോയാൽ 
ആരെങ്കിലും വന്നുകൂടിയാൽ പിന്നെ 
ഇന്ന് കാര്യം പറയാനും പറ്റില്ല 
നേരേ ഠിം എന്നങ്ങു പറഞ്ഞാൽ
എന്താവും ഫലമെന്ന് അറിയില്ല 
എനിക്ക് പോണം ; അവൻ പറഞ്ഞു 
കുറെ നാളായി പലപ്പോഴും കാണാറുണ്ട് 
കാണുന്നത് എൻറെ ആവശ്യമാണ് 
അതുകാരണം അവനെ കാണാനുള്ള എല്ലാ ശ്രമവും ഞാൻ നടത്തും 
രാവിലെ അവനു നേരവും കാലവുമില്ല 
ഒമ്പതിനും ഒൻപത് നാൽപ്പതിനുമിടക്ക് അവനെ കണ്ടെങ്കിലായി 
എട്ട് നാൽപ്പത് ആകുമ്പോൾ ഞാനെത്തും 
വായനശാലയിൽ കയറി പത്രവായന തുടങ്ങും 
കണ്ണ് വഴിയിലേക്കാണ് 
അവൻ വരുമ്പോൾ പത്രപാരായണമവസാനിപ്പിച്ച് 
ഞാനവന് പിന്നാലെ നടക്കും 
അവൻ തനിച്ചാവില്ല ; സംസാരിക്കാൻ അവസരം കിട്ടില്ല 
ഒന്നുകിൽ കൂടെ ; അല്ലെങ്കിൽ മുന്നിൽ ; അല്ലെങ്കിൽ പിന്നിൽ ആരെങ്കിലുമുണ്ടാവും 
എൻറെ ഈ നടത്തം അവൻ കാണുന്നുണ്ട് 
അവൻ എന്നെ നോക്കില്ല ; അങ്ങനങ്ങു നടന്നു പോകും 
ഇന്നാണ് ദൈവം എൻറെ പ്രാർത്ഥന കേട്ടത് 
അവൻ തനിച്ച് ;  അവനോടൊപ്പമാരുമില്ല , 
അവനു മുന്നിൽ ആരുമില്ല , അവനു പിന്നിൽ ആരുമില്ല 
ഹൃദയം പടപടാ അടിക്കുന്നു 
എത്രപേരെ പ്രേമിച്ചിരിക്കുന്നു 
ഓരോ പ്രേമവും മൂത്തുവരുമ്പോൾ ഹൃദയം പടപടാ അടിക്കും 
അത് മാറണമെങ്കിൽ ഇണ വഴങ്ങണം 
ഞാൻ അവൻറെ തോളത്ത് കൈ വെച്ചു 
ഒരു സ്പർശനം നല്ലതാണ് 
ഒന്ന് തൊട്ടുകഴിഞ്ഞാൽ ചിലർക്ക് ഒരടുപ്പം തോന്നും 
ചിലർക്ക് തോന്നില്ല ; സാരമില്ല , നമ്മൾക്ക് ഒരു സ്പർശനസുഖം ആയല്ലോ 
എന്തിനാ വിളിച്ചേ ? ഞാൻ പോവാ 
അവൻ പറഞ്ഞു 
ആരും അടുത്തില്ല 
പറയുന്നത് കേൾക്കാൻ പാകത്തിൽ അടുത്തില്ല 
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു :" എനിക്ക് നിന്നെ ഇഷ്ടമാണ് "
അത്രയും നേരം എൻറെ ഹൃദയം നിലച്ചുപോയി 
എൻറെ കണ്ണുകൾ അവൻറെ മുഖത്തുറച്ചു 
അവൻറെ കണ്ണുകളും മൂക്കും ചുണ്ടുകളും മാത്രം ഞാൻ കണ്ടു 
"പോടാ പട്ടീ ", എന്നുപറഞ്ഞിട്ടവൻ നടന്നങ്ങു പോയി 
അത് കേട്ട ഒരു കിളവൻ എന്നെയും അവനെയും ഒന്ന് സൂക്ഷിച്ചു നോക്കി 
അങ്ങനെ ആ പ്രേമം പൊളിഞ്ഞു 
രാവിലെതന്നെ ബാറിലേക്ക് കയറി 
പൊളിഞ്ഞപ്രേമത്തിൻറെ യോർമ്മക്ക് രണ്ടു ലാർജ് 
ബാറിൽ നിന്നിറങ്ങുമ്പോൾ 
ഏതോ ഒരുത്തൻ ഭാഗ്യക്കുറി ടിക്കറ്റും നീട്ടിപ്പിടിച്ച് ഇളിക്കുന്നു
അപ്പോൾ ഭാഗ്യക്കുറി വിൽക്കുന്ന മുച്ചിറിയൻ ചെറുക്കനെ ഓർമ്മ വന്നു 
അവനെങ്കിൽ അവൻ 
മനുവിൻറെ മുറിയിലേക്ക് കൊണ്ടുപോകാം 
സാധാരണ അവൻ നടപ്പാലത്തിനടുത്ത് കാണുന്നതാണ് 
ഇന്നവൻ ആ ഏരിയയിൽ ഇല്ല 
മുനിസിപ്പൽ കോമ്പൗണ്ട് വരെ അവനെ തേടിപ്പോയി ; കണ്ടില്ല 
ദൈവത്തിൻറെ ഒരു തമാശ 
മോഹിപ്പിക്കുക ; മോഹഭംഗപ്പെടുത്തുക 
ആശിപ്പിക്കുക ; നിരാശപ്പെടുത്തുക 
ഒരുമാതിരി --------
ദൈവമല്ലേ , എന്തും ആകാമല്ലോ 
പാവം മനുഷ്യന് എന്ത് ചെയ്യാൻ പറ്റും ?
"കാശു തന്നിട്ട് നീ പോയാൽ മതി "
ഒരു കടക്കാരൻ ആരോടോ കടുപ്പിച്ചു പറയുന്നു 
കുറെ ആളുകൾ കാഴ്ച്ചക്കാരായി വട്ടംകൂടി നിൽപ്പുണ്ട് 
" നിൻറെ വീട്ടീന്ന് ആരെങ്കിലും തിരക്കി വരട്ടെ , അതുവരെ നീ ഇവിടിരി "
കടക്കാരൻറെ തീർപ്പ് 
കാഴ്ച്ചക്കാരുടെ കൂട്ടത്തിൽ മുച്ചിറിയൻ ഉണ്ടോ എന്നറിയാനായി 
ഞാനങ്ങോട്ട് ചെന്നു 
എന്നെ പട്ടി എന്ന് വിളിച്ചവൻ തലകുനിഞ്ഞ് വിളറി വെളുത്ത് 
ആകെ വിയർത്ത് നിൽപ്പുണ്ട് 
എന്താ കാര്യം ? ഞാൻ കടക്കാരനോട് ചോദിച്ചു 
മാസം നാലായി , അറുന്നൂറു രൂപ തരാനുണ്ട് ; കടക്കാരൻ ഉച്ചത്തിൽ വിശദീകരിക്കുകയാണ് 
അറുന്നൂറൊന്നുമില്ല , അവൻ എതിർത്തു 
മുന്നൂറ്റമ്പത്തൊന്നു രൂപയുണ്ട് , അവൻ പറഞ്ഞു 
അതിഞ്ഞു താടാ , തന്നിട്ടിറങ്ങി പോ , കടക്കാരൻ പറഞ്ഞു 
എത്രയാടോ തനിക്ക് കിട്ടാനുള്ളത് ?
മുന്നൂറ്റമ്പത്തൊന്നും പലിശയും , നാലുമാസത്തെ പലിശ 
എത്രയാടോ പലിശ ?
പലിശ വേണ്ട ; മുതലിങ്ങ് കിട്ടിയാൽ മതി 
എത്രയാ മുതൽ ?
അവൻ പറഞ്ഞില്ല്യോ , മുന്നൂറ്റമ്പത്തൊന്ന് 
ഞാൻ മുന്നൂറ്റമ്പത്തൊന്ന് രൂപ കൊടുത്തു 
കടക്കാരൻ പറ്റുബുക്കെടുത്ത് ഇടപാട് തീർന്നെന്ന് എഴുതി 
അവനോടൊപ്പംകടയിൽ നിന്നിറങ്ങി നടക്കുമ്പോൾ 
വിജയാഹ്ലാദം എനിക്ക് അനുഭവപ്പെട്ടു 
തടിപ്പാലമെത്തിയപ്പോൾ അവൻ നിന്നു 
"തൻറെ ആഗ്രഹം നടക്കത്തില്ല ; താൻ എവിടെയാണെന്ന് വെച്ചാൽ പോ "
അവൻ തടിപ്പാലത്തിലെ ആൾത്തിരക്കിൽ മറഞ്ഞു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ