ഓർമ്മിക്കുന്നുവോ നീ
ശ്ലഥമായ നമ്മുടെ ബന്ധം നീയോർമ്മിക്കുന്നുവോ ?
എന്തിനു നീയോർമ്മിക്കണം
നഷ്ട സ്വപ്നങ്ങൾ എനിക്ക് നല്കി നീ കടന്നു പോയല്ലോ
അതെ, ഞാനൊരിക്കലും നിന്നെ പ്രണയിക്കരുതായിരുന്നു
ഓർമ്മിക്കുന്നുവോ നീ
ആ ദിനം
ഞാനാദ്യമായി കടന്നു വന്ന ആ ദിനം
മഴയുടെ അകമ്പടിയിൽ നനഞ്ഞ്
ഒരു ചെറുകുട നല്കിയ അഭയത്തിൽ
പടി കടന്നു വന്നു ഞാൻ
നീയൊരു അസ്തമയ സൂര്യനായി
മറ്റൊരു അസ്തമയ സൂര്യനെ തിരുനെറ്റിയിൽ ചാർത്തി
നീയെന്നെ സ്വാഗതം ചെയ്തു
അന്ന്
നീ വാതിൽ തുറന്നു തരുമ്പോൾ
ഞാൻ നിന്നെ എന്റെ ഹൃദയത്തിൽ കുടിയിരുത്തി
ആ മൂന്നു വർഷങ്ങൾ
വസന്തം വന്നു നിറഞ്ഞ മൂന്നു വർഷങ്ങൾ
മരങ്ങളുടെ ചില്ലകൾ പൂവിട്ടതും
പൂക്കൾ കൊഴിഞ്ഞ് ഫലങ്ങൾ പാകമായി വന്നതും
ഫലങ്ങൾ കൊഴിഞ്ഞ്
ഇലകൾ കൊഴിഞ്ഞ്
മരങ്ങൾ മറ്റൊരു വസന്ത കാലം കാത്തു നിന്നതും
ഞാനറിഞ്ഞില്ല
ഞാനറിഞ്ഞില്ല
ഒന്നും ഞാനറിഞ്ഞില്ല
ആ മൂന്നു വർഷങ്ങൾ
ഓർമ്മിക്കുന്നുവോ നീ
ഞാൻ പോകുമ്പോൾ
ആശംസകളോടെ യാത്രയയയ്ക്കാൻ നീയുണ്ടായിരുന്നു
ഞാൻ തിരികെയെത്തുമ്പോൾ
മറ്റൊരാളുടെ നിഴലായി
മറഞ്ഞു നിന്നതും നീ
തകർന്നത് എന്റെ ഹൃദയമാണ്
തകർന്നത് എന്റെ ജീവിതമാണ്
അങ്ങനെയാണ് വിസ്കി ക്കുപ്പികൾ എന്റെ ജീവിതം കൈക്കലാക്കിയത്
ഞാൻ നിന്റെ വഴികളിൽ നിന്നൊഴിഞ്ഞു നിന്നു
വിസ്കിയുടെ വഴിയിൽ
ഒരു നാൾ അയാൾ എനിക്ക് മുന്നിൽ വന്നു
അയാൾ എന്നോട് പേര് ചോദിച്ചു
കേൾക്കാത്ത ഭാവത്തിൽ ഒരു ലാർജ് വിഴുങ്ങിയിട്ട്
റീജന്റ് കിങ്ങിന്റെ പുകയുടെ വളയങ്ങളിൽ ഞാനൊളിച്ചു
അയാളോടൊപ്പം വന്നവർ അയാളെ വിളിച്ചുകൊണ്ടു പോയി
പോകാൻ നേരം അവരിൽ ഒരുവൻ കമന്റ് പറഞ്ഞു
"ഓ ! രണ്ടു പേരും ഒരു സ്കൂളിലായിരിക്കും പഠിച്ചത് "
മനസിലാകാഞ്ഞിട്ടല്ല; മനസിലായതായി ഭാവിക്കരുതെന്നു അറിയാമായിരുന്നു
പിന്നീട് അപരിചിതർ പരിചയപ്പെടാൻ വന്നു
പരിചയം നടിചെത്തിയവർക്ക്
അറിയേണ്ടിയിരുന്നത് നിന്നെ കുറിച്ചായിരുന്നു
അങ്ങനെയാണ് , ഞാൻ നിന്നെയറിയാതെയായത്
ആ നുണയിൽ കാൽ വഴുതിയപ്പോൾ
അവരെ കാണാതെയായി
ആ നാളുകളിൽ നീ വല്ലാതെ ഭയന്നിരുന്നിരിക്കണം
നിന്നെയും എന്നെയും കുറിച്ചുള്ള കഥകളിൽ
അസ്വസ്ഥനായ നിന്റെ ഭർത്താവിനെ
എന്റെ വാക്കുകളെ
ആ നാളുകളിൽ നീ വല്ലാതെ ഭയന്നിരുന്നിരിക്കണം
ഓർമ്മിക്കുനുവോ നീ
അയാൾ , നിന്റെ ഭർത്താവ്
വീണ്ടും എന്നെ കാണാനെത്തി
അയാൾ മദ്യപിച്ചു
അസ്വസ്ഥനായി മദ്യപിച്ചു
അയാളുടെ ഉള്ളം പിടഞ്ഞു
ഞാനും നീയും തമ്മിലെന്താണ് ?
അതിനു ചുറ്റും അയാളുടെ മനസ് പമ്പരം പോലെ കറങ്ങി
അവളെ അറിയാം
അവളെ കണ്ടിട്ടുണ്ട്
അവളോട് സംസാരിച്ചിട്ടുണ്ട്
"അവളുടെ വീട്ടിലെ സന്ദർശകനായിരുന്നു ,നിങ്ങൾ "
"അതെ , അവളുടെ സുഹൃത്തായിരുന്നു എന്റെ പ്രണയ ഭാജനം "
"അവളായിരുന്നില്ലേ?"
"ആര്? അവളോ! അല്ല, അവളുടെ സുഹൃത്തായിരുന്നു എന്റെ പ്രണയ ഭാജനം "
ആ കഥകൾ കേൾക്കണം എന്നായി അയാൾ
ഞാനാ കഥ പറഞ്ഞു
"ഡോക്ടർ മുകുന്ദന്റെ മകൾ, പേരു പറയില്ല , അവളുടെ സുഹൃത്ത് .
ആ മൂന്നു പെണ്‍കുട്ടികളിൽ ഒരാൾ
അവളെ കാണാൻ എനിക്ക് അവസരം ഉണ്ടായിരുന്നില്ല
ഞാൻ അവളുടെ സഹായം തേടി "
"എന്നിട്ട്?"
"ഡോക്ടർ അവളെ ആരോ യോഗ്യനായ ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു "
"ആളുകള് പറയുന്നത്?"
"ആളുകൾക്കെന്തറിയാം?"
എത്രയോ നാളുകളിൽ അയാൾ എന്നെ വിസ്കി കുടിപ്പിച്ചു
സത്യം അറിയാൻ വേണ്ടി
അത്രയും നാളുകളിൽ ഒരേ കഥയിൽ അയാളെ തളച്ചിട്ടു
എവിടെക്കോ പോയ ഡോക്ടർ മുകുന്ദന്റെ മകളിൽ
അവളുടെ സുഹൃത്തായിരുന്ന പെണ്‍കുട്ടിയിൽ
പിന്നെ അയാളുടെ ജിഞ്ജാസ തണുത്തു
അയാൾ ഒരു തമാശ മാത്രമായി
ഓർമ്മിക്കുന്നുവോ നീ
ഒരു കുമ്പസാരത്തിന്റെ വക്കോളം എത്തിയ നിന്നെ
രക്ഷിച്ചത് എന്റെ കഥകളായിരുന്നു
അയാൾ നിന്നെക്കാൾ എന്നെ വിശ്വസിച്ചു
എന്നെക്കുറിച്ച് ഒരുനാൾ നീ തുറന്നു പറഞ്ഞിട്ടും
അയാൾ അത് വിശ്വസിച്ചില്ല
ഡോക്ടർ മുകുന്ദന്റെ മകളെ കുറിച്ച്
അവളുമായുള്ള നിന്റെ സൌഹൃദത്തെ കുറിച്ച്
അയാൾ അവസാനം നിന്നോട് ചോദിച്ചത്
എന്റെ വാക്കുകളിലുള്ള അയാളുടെ വിശ്വാസം ഉറപ്പിക്കാനായിരുന്നു
നിന്റെ ജീവിതം രക്ഷപെട്ടത് അങ്ങനെയായിരുന്നു
ഞാൻ നിന്റെ ജീവിതത്തിലൊരു കാർമേഘം ആകുമെന്ന് ഞാൻ ഭയന്ന കാലം
അയാളുടെ അവസാന ചോദ്യം :"എന്തെ വിവാഹം ചെയ്യാത്തത്?"
ഞാൻ ചിരിച്ചു
"മുകുന്ദന്റെ മകൾ പോയി "
"അവളെക്കാൾ നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാം "
"എനിക്കിപ്പോൾ ഒരു ഭാര്യ ഉണ്ട് "
"നുണ "
"അല്ല"
"എവിടെ ?"
"ഇവിടെ തന്നെ "
"ഇവിടെയില്ലല്ലോ "
"എന്നോടൊപ്പം ഉള്ള ജൈസണ്‍ . ഞങ്ങളൊരു പ്രേമത്തിലാണ് "
"അതൊന്നും ശാശ്വതമല്ല "
"അവനു വിട്ടു പോകണമെന്ന് തോന്നുമ്പോൾ പൊയ്ക്കോട്ടേ. ഡോക്ടർ മുകുന്ദന്റെ മകള പോയില്ലേ?"
"അവൻ പോയാൽ ?"
"അപ്പോൾ ആലോചിക്കാം "
അങ്ങനെയാണ് വിസ്കിക്കൊപ്പം സ്വവർഗാനുരാഗത്തിന്റെ ചിഹ്നവും
എന്റെ മേൽ പതിഞ്ഞത്
ഓർമ്മിക്കുന്നുവോ നീ
നിന്റെ ഭർത്താവിന്റെ ശംശയ രോഗത്തിൽ നിന്നും
നിന്നെ രക്ഷിക്കാൻ മെനഞ്ഞുണ്ടാക്കിയ കഥയായിരുന്നു , ജൈസണ്‍
അവനോടത് പറഞ്ഞാൽ
അവനതു മനസിലാവും എന്നാണ് കരുതിയത്
പക്ഷെ , അവൻ വല്ലാതെ ക്ഷുഭിതനായി
"ഇങ്ങനത്തെ വിചാരം മനസ്സിൽ കൊണ്ടുനടക്കുന്ന നിങ്ങളോടൊപ്പം
ഇനി ഞാനില്ല ", അവൻ തുള്ളിച്ചാടി
അവൻ മറ്റൊരു സ്ഥലം അന്വേഷിച്ചു നടന്നു
പിന്നെ, അവൻ അത് മറന്നു
മറ്റൊരു സ്ഥലം കണ്ടുപിടിക്കാൻ അവനു കഴിഞ്ഞില്ല.
ഞാനൊരിക്കലും പറയില്ലെന്ന്
അവൻ കരുതിയ ഞങ്ങളുടെ രഹസ്യം
ഞാൻ അയാളോട് പറഞ്ഞു
എന്നതായിരുന്നു, അവനെ ചൊടിപ്പിച്ചത്
അതെ, അത് ഞങ്ങളുടെ സ്വകാര്യതയായിരുന്നു
നിന്റെ ജീവിതം സുരക്ഷിതമാക്കാൻ
ഞാൻ നലികിയ ബലിയായിരുന്നു , ജൈസണ്‍
ഇന്ന് സംതൃപ്തമായ ജീവിതംനയിക്കുന്ന നീ
നിനക്കായി സമർപ്പിച്ച എന്റെ ത്യാഗങ്ങളെ കുറിച്ച്
നിനക്കായി ഞാൻ ബലി കൊടുത്ത ഡോക്ടർ മുകുന്ദന്റെ മകളെ കുറിച്ച്
നിനക്കായി ഞാൻ ബലി കൊടുത്ത ജൈസനെ കുറിച്ച്
ഒരിക്കലും നീയോർമ്മിക്കില്ല , എനിക്കറിയാം .
നിന്റെ മകളുടെ പ്രണയ ചാപല്യം കാണുമ്പോൾ
നിന്നിലുയരുന്ന ആ നിശ്വാസം
അത് മതി എനിക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ