2015, മേയ് 13, ബുധനാഴ്‌ച

ഞാൻ അവനെ അനുസരിച്ചു

ഒക്കെയും പറയാനാണ് ഞാൻ വന്നത് 
എനിക്കിന്ന് അത് പറഞ്ഞെ പറ്റൂ 
പറയാതിരുന്നാൽ എനിക്കാണ് നഷ്ടം 
അവൻ മാധുര്യമൂറുന്ന ഒരു ചിരിയോടെ എന്നെ സ്വാഗതം ചെയ്തു 



ഒക്കെയും പറയാനാണ് ഞാനിന്നു വന്നത് 
അവൻ ഇരിക്കാൻ പറഞ്ഞു 
അനുസരണയോടെ ഞാനിരുന്നു 
അവൻ ഷെല്ലിയുടെ കവിതകളെ കുറിച്ച് 
ഷെല്ലിയുടെ വിപ്ലവാഭിമുഖ്യത്തെ കുറിച്ച് 
ഷെല്ലിയുടെ ദർശനത്തെ കുറിച്ച് 
പറഞ്ഞു കൊണ്ടിരുന്നു 
ഞാനവന്റെ അരുണാധരങ്ങളിലും 
സുന്ദരമായ വദനത്തിലും 
അവന്റെ തുടകളിലും 
നോക്കി കാമാർത്തനായി 
പ്രണയാഭ്യർത്ഥന നടത്താൻ 
ഒരവസരത്തിനായി കാത്തിരുന്നു 



ഒക്കെയും പറയാനാണ് ഞാനിന്നു വന്നത് 
ഒരു പെണ്ണിനെ - കാമുകിയെ - കാണുമ്പോഴെന്ന പോലെ
എന്റെ  തൊണ്ട വരളുകയും , ഹൃദയം വല്ലാതെ മിടിക്കുകയും ചെയ്തു 
എത്രയോ നാളായി , എനിക്കവനോട് പറയാനുള്ളത് 
എനിക്ക് പറയാൻ കഴിയുന്നില്ല 
എത്രയോ തവണ ഞാനിവനെ കാണാൻ 
ഇവിടെ വന്നിരിക്കുന്നു 
എത്രയോ തവണ ഏതെങ്കിലും വിഷയത്തെ കുറിച്ച് 
ഇവനെന്നോട് ഉപന്യസിച്ചിരിക്കുന്നു 
എല്ലാ കാര്യങ്ങളും പറയും , പറയാനുറച്ചു വന്ന കാര്യമോഴികെ 
അതുകൊണ്ടെന്താ,  സുഹൃത്തുക്കളാണ് 
ഒരു പക്ഷെ , പറയാനാഗ്രഹിച്ച കാര്യം പറഞ്ഞിരുന്നെങ്കിൽ 
ഇപ്പോൾ ഞങ്ങൾക്കിടയിലെ സൗഹൃദം നഷ്ടമായേനെ 




ഒക്കെയും പറയാനാണ് ഞാനിന്നു വന്നത് 
ഒന്നുകിൽ ഞങ്ങൾ നാളെയും സുഹൃത്തുക്കൾ 
അല്ലെങ്കിൽ ഞാനിനി ഒരിക്കലും ഇവനെ കാണാൻ വരില്ല 
ഞാനവന്റെ മുഖത്ത് നോക്കി 
അവനോടു പറയാനുള്ള കാര്യം പറയാനുള്ള 
മാനസികമായ തയ്യാറെടുപ്പിലായിരുന്നു , ഞാൻ 
അവനെന്താ പറയുന്നതെന്ന് ഞാൻ ശ്രദ്ധിക്കാതെ ആയിട്ട് 
കുറച്ചു  നേരമായി



ഒക്കെയും പറയാനാണ് ഞാനിന്നു വന്നത് 
അവൻ നിശ്ശബ്ദതയിലെക്ക് വഴുതുന്നത് ഞാനറിഞ്ഞു 
അവന്റെ നിശ്ശബ്ദത എനിക്കു പറയാനുള്ളത് 
പറയാനുള്ള അവസരമാണ് 
ഈ നിർണ്ണായക സമയത്ത് എന്റെ നാവ് ചലിച്ചില്ല 
എന്റെ ശരീരം അനങ്ങിയില്ല 




ഒക്കെയും പറയാനാണ് ഞാനിന്നു വന്നത് 
ഞാൻ എന്നോട് തന്നെ കലമ്പൽ കൂടി 
അജ്ഞാതമായ ഒരു കോട്ടയ്ക്കുള്ളിലെ 
ഏകാന്ത തടവുകാരനെ പോലെ 
ഞാൻ നിസ്സഹായനായി 
എന്റെ ശരീരം ഒരു കോട്ടയായി 
ആ കോട്ടയ്ക്കുള്ളിലെ ഏകാന്ത തടവുകാരനായി 
ഞാൻ ഉറക്കെ നിലവിളിച്ചു 
എന്റെ ശബ്ദം എന്നിൽ തന്നെ മരിച്ചു വീണു 



ഒന്നും പറയാനാവാതെ ഞാൻ 
തിരികെ പോകാൻ എഴുന്നെറ്റു 
അവൻ എന്നത്തെയും പോലെ എനിക്ക് ഷേക്ക്‌ ഹാൻഡ്‌ തന്നു 
അവൻ എന്നത്തെയും പോലെ എനിക്കൊരുമ്മ തന്നു 
ആ നിമിഷത്തിൽ എന്റെ വലതു കരം ഒരു കുസൃതി ഒപ്പിച്ചു 
എന്താണോ എനിക്കവനോട് പറയാനുണ്ടായിരുന്നത് 
അതെന്റെ വലതു കരം ഒരു നിമിഷം കൊണ്ട് ചെയ്തു 
അവന്റെ പ്രതികരണം എന്തവുമെന്നറിയാതെ
ഞാൻ പകച്ചു നിന്നു 
അവൻ ചിരിച്ചു 
സാവകാശം എന്റെ കരം അവിടെ നിന്നും മാറ്റാൻ ശ്രമിച്ചു 
ഞാനൊരു പിടിവാശിക്കാരനെ പോലെ 
കയ്യെടുക്കാൻ വിസമ്മതിച്ചു 
"ശ്ശെ , ആരെങ്കിലും കാണും , എന്നാൽ ഒരു കാര്യം ചെയ്യ് 
 ഇന്നു പോകണ്ടാന്നു വെയ്ക് "


ഞാൻ അവനെ അനുസരിച്ചു
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ