2015, മേയ് 23, ശനിയാഴ്‌ച

സംസ്കാരം നമ്മെ അന്ധരാക്കുന്നുവോ ?

പഴയ കാല പ്രേമലേഖനങ്ങളും
പ്രേമ സംഭാഷണങ്ങളും 
ഞാൻ സൂക്ഷിക്കുന്നു 



ഒരു കിളിയും അതിന്റെ കൊഴിഞ്ഞ തൂവലുകൾ സൂക്ഷിക്കാറില്ല 
എങ്കിലും ഞാൻ എന്റെ എല്ലാ കൊഴിഞ്ഞ തൂവലുകളും 
നഷ്ടമാകാതെ സൂക്ഷിക്കുന്നു 
ഇടയ്കിടെ എടുത്തു നോക്കി നെടുവീർപ്പുകൾ ഇടുന്നു
ഒരു പക്ഷെ പ്രണയത്തിന്റെ ആർദ്രത 
എന്നിൽ നഷ്ടമാകാത്തത്‌ ഇതുകൊണ്ടാവാം 



എത്രയോ പ്രണയങ്ങളിലൂടെ

ഞാൻ കടന്നു പോയിരിക്കുന്നു 
എറ്റവും കടുത്ത വ്യഥ അനുഭവിച്ചത് 
ആദ്യമായി ഒരു പെണ്ണിനോട് 
ഐ ലവ് യൂ എന്ന് പറഞ്ഞപ്പോഴായിരുന്നു 




പെണ്ണിനോട്, ഒരു പെണ്ണിനോട് 
പിന്നെത്ര പെണ്ണുങ്ങളോട് 
ചുമ്മാ അങ്ങ് പറഞ്ഞു 
സ്വയം വിശ്വസിക്കാതെയും പറഞ്ഞു 
അങ്ങനെയും പറയാമെന്നു പഠിച്ചു 
പിന്നെയത് പറയാതെയും കഴിക്കാമെന്നു പഠിച്ചു 
എല്ലാം പഠിക്കുകയാണ് 
എല്ലാം പഠിക്കുന്നു 
പഠിച്ചു 
എന്നിട്ടും മനസിലാകാതിരുന്നത് 
എന്റെ ആദ്യ സഫല പ്രണയം 
എന്റെ ജോസഫുമായിട്ടായിരുന്നു എന്നതാണ് 
ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്നത് 
അന്ന് ഞങ്ങൾക്കറിയില്ലായിരുന്നു 
എനിക്കവനോടുള്ള ലൈംഗികാകർഷണം 
അവനറിയാമായിരുന്നോ 
എന്നെനിക്കറിയില്ല 
ഞാനവനെ സുഹൃത്താക്കി 
സുഹൃത്തായ അവനെ എന്റെ മാത്രം സുഹൃത്താക്കി 
ഞാനവനെ എന്നോടൊപ്പം കൊണ്ട് നടന്നു 
ഞാനവനോടൊപ്പം നടന്നു 
പരസ്പരം പറയാത്തതോന്നുമില്ല 
പരസ്പരം അറിയാത്തതോന്നുമില്ല 
അവൻ കൊണ്ട് വന്നു കാമ ശാസ്ത്രം 
ഞങ്ങൾ തനിച്ചിരുന്നു പടങ്ങൾ കണ്ടു 
ഞാനവനെ തൊട്ടു അതിനു മുമ്പെത്രയോ തവണ തൊട്ടിരിക്കാം 
എത്രയോ തവണ തൊട്ടിട്ടുണ്ട് 
അവനെ എനിക്കിഷ്ടമായിരുന്നത് കൊണ്ട് 
ഞാനെത്രയോ തവണ തൊട്ടു 
അതൊന്നും തൊടലായിരുന്നില്ല 
ഞാനാദ്യമായി അവനെ തൊട്ടത്‌ അന്നാണ് 
അവൻ കാമ ശാസ്ത്രം കൊണ്ട് വന്ന അന്ന് 



ഞാനവനെ ആലിംഗനം ചെയ്തു 
അവനെ ചുംബിച്ചു 
അവന്റെ ഷർട്ടിനുള്ളിലെ രഹസ്യങ്ങൾ 
ഞാൻ കണ്ടു ; അനുഭവിച്ചു 
അവന്റെ പൂർണ്ണ നഗ്നത ഞാൻ കണ്ടു 
ഞാൻ അനുഭവിച്ചു 
അതെന്റെ ആദ്യ ലൈംഗികാനുഭവമായി 
ഞാൻ കരുതിയില്ല 
രാധയിലാണ് ഞാനെന്റെ ആദ്യ ലൈംഗികാനുഭവം 
കണ്ടെത്തിയത് 
എന്ത് കൊണ്ട് ?
എന്ത് കൊണ്ട് ജോസഫിനെ ഒരിക്കലും തിരിച്ചറിയാതെ പോയി ?
ലൈംഗികത എന്നാൽ പെണ്ണുമായുള്ള ബന്ധം 
എന്ന അറിവിൽ 
എന്റെ ജോസഫിനെ 
എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല 
ജോസഫിനും ഒരു പക്ഷെ 
തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല 




നമ്മുടെ സംസ്കാരം നമ്മെ അന്ധരാക്കുന്നുവോ ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ