2015, മേയ് 1, വെള്ളിയാഴ്‌ച

ഇനിയെന്നും ഞാനവനായി

പ്രണയം ആരംഭിക്കുന്നത് രാവിലെ ഒൻപത് മണിക്കാണ് 
എനിക്കവനെ ഇഷ്ടമായി 
അവൻ അവന്റെ അമ്മയോടൊപ്പമായിരുന്നു 
അവൻ ചിരിച്ചില്ല 
അവൻ എന്നോട് സംസാരിച്ചില്ല 



മണി പത്തായി 
അവനെന്നോട് സംസാരിക്കുന്നില്ല 
ചിരിക്കുന്നില്ല 
അവന്റെയമ്മ സംസാരിക്കുന്നുണ്ട് 
അവൻ ഹിന്ദി സാഹിത്യം പഠിക്കാൻ 
ഈ വർഷം കോളേജിൽ ചേരും 
പ്ലസ് ടൂ വിനു ഹ്യൂമാനിറ്റീസ് ആയിരുന്നു 
നല്ലതാ, എന്ത് ചെയ്യാനാ 
മിണ്ടാപ്പൂതം 




മണി പതിനൊന്നായി 
മിണ്ടാപ്പൂതം ചായ വേണ്ടെന്നു പറഞ്ഞു 
അവന്റെയമ്മയും ഞാനും ഓരോ കപ്പ്‌ ചായ പാനം ചെയ്തു 
അവന്റെയമ്മ അവരുടെ കുടുംബ ചരിത്രം പറഞ്ഞു തുടങ്ങി 
എനിക്ക് വേണ്ടത് അവരുടെ കുടുംബ ചരിത്രമല്ല 
എനിക്ക് വേണ്ടത് അവരുടെ മകനെയാണ് 
അവൻ അലക്ഷ്യമായി അകലങ്ങളിലേക്ക് നോക്കിയിരിക്കുന്നു 
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞത് പോലെ 
ഞാൻ അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു 
മനസ്സിൽ അവനെ നക്കിത്തുടച്ചു കൊണ്ടിരുന്നു 
അവന്റെയമ്മ സംസാരിച്ചുകൊണ്ടിരുന്നു 



മണി രണ്ടായി 
ഉച്ച ഭക്ഷണം കൊണ്ട് വന്നു 
ഞാനും അവന്റെയമ്മയും അവനും ഉച്ചഭക്ഷണം കഴിച്ചു 
ഹാവൂ, അവനു വെള്ളം കൊടുത്തത് ഞാനാണ് 
അവൻ വെള്ളം വാങ്ങിയിട്ട് എന്റെ കണ്ണുകളിൽ നോക്കി 
ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു 
ഹായ് 
ഞാൻ മുന്തിരി എടുത്തു 
ഒരു കുല മുന്തിരി അവന്റെയമ്മയ്ക് 
ഒരു കുല മുന്തിരി അവന് 
ഒരു കുല മുന്തിരി എനിക്ക് 
ഞങ്ങൾ മുന്തിരി പഴങ്ങൾ ഓരോന്നായി തിന്നു കൊണ്ടിരുന്നു 
മുന്തിരി പഴങ്ങൾ തിന്നുന്നതിനിടയിലും 
അവന്റെയമ്മ സംസാരിച്ചു കൊണ്ടിരുന്നു 


മണി മൂന്ന് 
അവന്റെയമ്മയും അവനും എഴുന്നെറ്റു 
ഇറങ്ങട്ടെ , അവന്റെയമ്മ  പറഞ്ഞു
അവൻ കൈ തന്നു 
തണുത്ത കൈ 
അവൻ ആദ്യമായി എന്നോട് ചിരിച്ചു 
അവനാദ്യം ഇറങ്ങി 
പിന്നാലെ അവന്റെയമ്മയും 
ഇനിയെന്നെങ്കിലും അവനെ കാണുമോ ?
ഒരു സ്വപ്നത്തിൽ നിന്നുണരും പോലെ ഞാൻ തുറിച്ചു നോക്കിയിരുന്നു 
അവനൊരു വാക്കുരിയാടിയിരുന്നെങ്കിൽ ഞാനവന്റെ മൊബയിൽ നമ്പർ വാങ്ങിയേനെ 
ഇനിയെന്നും അവനായി എന്റെ ഹൃദയം തുടിക്കും 
ഇനിയെന്നും ഞാനവനായി കാത്തിരിക്കും



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ