2015, മേയ് 25, തിങ്കളാഴ്‌ച

മരണം മോഹിച്ച ദിനങ്ങൾ

ആ കാലം , കൊടുങ്കാറ്റ് അടിച്ച കാലം 
മരണം മോഹിച്ച ദിനങ്ങൾ 
തലയിണകൾ മാത്രം കൂട്ടിനുണ്ടായിരുന്ന കാലം 
തലയിണകൾ കണ്ണീരിൽ കുതിർന്ന രാത്രികൾ 
നിങ്ങളൊരു പെണ്ണിനെ പ്രേമിക്കുന്നു 
ഒരു പെണ്ണ് നിങ്ങളെയും പ്രേമിക്കുന്നു 
വിവാഹ സ്വപ്നങ്ങളിൽ നിങ്ങൾ മയങ്ങി ഉറങ്ങുന്നു 
ഒന്നിച്ചുള്ളോരു ഭാവിയുടെ സ്വപ്നങ്ങളിൽ 
നിങ്ങൾ അദ്ധ്വാനിക്കുന്നു 
ഒരു നാൾ 
നിങ്ങൾ അകലെയകലെ ആയിരിക്കുമ്പോൾ 
അവളുടെ അമ്മയുമപ്പനും 
അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു 




ഞാനന്ന് ഡൽഹിയിലായിരുന്നു 
അവളുടെ വിവാഹം  കഴിഞ്ഞിരുന്നു 
എന്റെ ഹൃദയം നുറുങ്ങിപ്പോയി 
നിങ്ങളോർമ്മിക്കുക  
ഇന്നലെ വരെ അവൾ നിങ്ങളുടെതായിരുന്നു 
ഇന്ന് അവൾ നിങ്ങളുടെതല്ലാതായി 
നിങ്ങളോർമ്മിക്കുക
ഇന്നലെ വരെ അവളുടെ സ്വപ്നങ്ങളിൽ നിങ്ങളും 
നിങ്ങളുടെ സ്വപ്നങ്ങളിൽ അവളും മാത്രം 
പവിത്രമായ ബന്ധം 
നിങ്ങൾ മറ്റൊരു പെണ്ണിനെ തൊടാതിരുന്നത് 
നിങ്ങൾക്കവളോടുണ്ടായിരുന്ന പ്രേമത്തിന്റെ തീവ്രത കൊണ്ടായിരുന്നു
മോഹനം എന്ന വിവാഹിത നിങ്ങളെ ഭിത്തിയിൽ ചാരി നിർത്തിയതാണ് 
നിങ്ങൾ വഴങ്ങിയില്ല 
മണിയമ്മ നിങ്ങളോടൊപ്പം വന്നു കിടന്നതാണ് 
നിങ്ങൾ വഴങ്ങിയില്ല 
കാരണം , നിങ്ങൾ നിങ്ങളുടെ പ്രീയതമയോടു വിശ്വാസ്യത പുലർത്താൻ ആഗ്രഹിച്ചു 
എന്നിട്ടെന്തായി ?
ഒരുനാൾ പുലർന്നപ്പോൾ അവൾ നിങ്ങളുടെതല്ലാതായി 




ഞാൻ കണ്ടു , അവൾ പിടയുകയാണ് 
അവളുടെ ഹൃദയം നുറുങ്ങുകയാണ് 
അയാളവളെ ആദ്യ രാത്രിയിൽ പിച്ചി ചീന്തുകയാണ് 
അവൾ , നിസ്സഹായ ആയി കണ്ണീരോഴുക്കുന്നു 
അയാൾ കരുതുന്നത് 
വീട്ടുകാരെ പിരിഞ്ഞതിലുള്ള ദുഃഖം കൊണ്ടാണെന്നാണ് 
നാട്ടിലേക്ക് വണ്ടി കയറി 
അവന്റെ വീട് കണ്ടു പിടിച്ച് 
അവനെ ഒരു കുത്തിനു കൊല്ലുന്നതിനെ കുറിച്ച് ആലോചിച്ചു 
പോലീസുകാർ അവളെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ 
ആ പ്ലാൻ ഉപേക്ഷിച്ചു 
ഓരോ നിമിഷവും അവൾ ബലാത്സംഗം ചെയ്യപ്പെടുന്ന ചിത്രങ്ങൾ 
മനസിലേക്ക് തള്ളിക്കയറി വന്നു 
അവളുടെ ഹൃദയം നുറുങ്ങുന്ന ദുഃഖം മനസിലേക്ക് കടന്നു വന്നു 
ഹൃദയം നുറുങ്ങിയ ദുഃഖം കണ്ണീരായി ഒഴുകി 
തലയിണകളെ കുതിർത്തു 




നാട്ടിലെത്തിയപ്പോൾ 
സംശയരോഗിയായ അവളുടെ ഭർത്താവിനെ നേരിടേണ്ടി വന്നു
അതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു 
പിന്നെ  സായാഹ്നത്തിൽ അവളുടെ സന്തോഷവും ഞാൻ കണ്ടു 
ദേരയിലെ പുൽത്തകിടിയിൽ ഇന്നലെ ഞങ്ങളൊന്നിച്ചിരുന്നു
ഞാനും അവളും മാത്രം 
ഭർത്താവ് കഴിഞ്ഞ വർഷം വിട്ടു പോയിരുന്നു 
ഒരേയൊരു മകളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമാകുന്നു 
അവൾക്കിപ്പോഴും കുട്ടികളില്ല 
ഇപ്പോഴേ വേണ്ടെന്ന് 


"എന്തേ വിവാഹം കഴിച്ചില്ല?"
അവൾ മുഖത്ത് നോക്കിയില്ല 
അവളെയല്ലാതെ ഞാൻ മറ്റൊരാളെ വിവാഹം ചെയ്യില്ലെന്നത്
വർഷങ്ങൾക്ക് മുൻപ് 
ഞാനവൾക്ക് നല്കിയൊരു വാഗ്ദാനമാണ് 
അവളതു മറന്നു പോയിരിക്കുന്നുവോ ?
"ഓ , എനിക്കൊരു ഇണയുണ്ടായിരുന്നു ; സ്വവർഗ ഇണ "
അവളുടെ ഭർത്താവിനെ വിശ്വസിപ്പിക്കാൻ പറഞ്ഞ നുണ 
അതവൾ നേരത്തേ അറിഞ്ഞിരിക്കുന്നു 
അവളോട്‌ അയാൾ ചെന്നു പറഞ്ഞിരിക്കുന്നു 





ഇരുപത്തഞ്ചു കടന്നൊരു പെണ്ണ് 
തുള്ളിച്ചാടി വന്നു 
"ആരാമ്മേ ഇത് ?"
അവളെന്തോ പറഞ്ഞു 
"ഓ, മുകുന്ദൻ അങ്കിളിന്റെ മകളുടെ , ഉഷ ചേച്ചിയുടെ വുഡ് ബി "
ചിലങ്കകൾ  ചിലക്കുംപോലെ അവൾ ചിരിച്ചു 
അവൾ അപ്പോഴും അകലെവിടെയോ നോക്കിയിരുന്നു



മകൾ സ്നേഹിതയുടെ അടുത്തേക്ക് നടന്നപ്പോൾ 
അവൾ പറഞ്ഞു 
"ഇനിയെങ്കിലും നുണകളുടെ കൊട്ടാരത്തിൽ നിന്നും പുറത്തു വന്നുകൂടെ?"
"നിനക്കൊരു മകളുണ്ട്."
ഞാനവളെ ഓർമ്മിപ്പിച്ചു 
"ഒരിക്കൽ നുണകളുടെ കൊട്ടാരത്തിൽ അകപ്പെട്ടാൽ 
  ഒരിക്കലും മോചനമില്ല "


അവൾ കണ്ണുകളുയർത്തി 
എന്റെ കണ്ണുകളിൽ ദൃഷ്ടിയുറപ്പിച്ചു 
മന്ത്രിച്ചു 
"ഒരു ദിവസം വന്നുകൂടെ ?"
"നിനക്കൊരു മകളുണ്ട് "
ഞാനാവർത്തിചു 
"അവളുടെ മിഥ്യാഭിമാനവും നീ രക്ഷിക്കെണ്ടിയിരിക്കുന്നു."



അവളുടെ മുഖം വിളറി 
അവൾ കുനിഞ്ഞിരുന്നു , ഒരു വൃദ്ധയെ പോലെ 
ഞാൻ പറഞ്ഞു 
"വരാം , അടുത്ത ജന്മത്തിലാകട്ടെ "
അപ്പോഴും അവൾ മുഖമുയർത്തിയില്ല 
യാദൃശ്ചികമായി അവളെ ശ്രദ്ധിച്ചു 
അവൾ കരയുകയായിരുന്നു 
"ശ്ശെ , മകൾ !"
അവൾ ഷാളുകൊണ്ട് മുഖം തുടച്ചു 
എന്റെ മുഖത്ത് നോക്കി ദൃഡതയോടെ അവൾ പറഞ്ഞു 
"വരണം , ഞാൻ കാത്തിരിക്കും . വരാതെ ഞാൻ അന്നം തൊടില്ല "
ഇപ്പോൾ അവളുടെ മുഖത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല 
"വരാം ", ഞാൻ മന്ത്രിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ