2016, ജനുവരി 11, തിങ്കളാഴ്‌ച

അവനെന്ത് ചെയ്യാൻ കഴിയും?

ഇന്നലെ രാത്രിയിൽ അവൻ വന്നു 
കള്ളും കുടിച്ച് 
തുണി അഴിച്ചു നിലത്തിട്ടു 
എന്നിട്ട് നിലത്ത് മലച്ചു കിടന്നു 
"എന്ത്വാച്ചാ ചെയ്യ്‌ , എനിക്ക് ആയിരം രൂപാ വേണം "
"രൂപയില്ല "
"അഞ്ഞൂറ് ?"
"ഇല്ല"
"അതെന്താ ?"
"ഒന്നിറങ്ങി പോകാമോ?"
"ഇല്ലെങ്കി?"
"ഇപ്പൊ ആളുകളെ വിളിച്ചു കൂട്ടും "
അവൻ എഴുന്നേറ്റു കുന്തിച്ചിരുന്നു 
"ഞാൻ പറഞ്ഞതൊക്കെ ക്ഷമിക്ക് "
"ക്ഷമിച്ചു"
"രൂപ "
"ഇല്ല"



അവൻ ഇന്ന് രാവിലെ വീണ്ടും വന്നു 
കള്ള് കുടിച്ചിട്ടില്ല 
കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് 
ക്ലീൻ ഷേവ് ചെയ്ത് 
മുഖത്ത് പൌഡർ ഇട്ട് 
മന്ദഹസിച്ച് 
അവൻ യാചിച്ചു 
"ആയിരം രൂപ തരണം , അത്യാവശ്യം ആണ് "
"ഇല്ല "
അവൻ കുറെ നേരം മൗനമായിരുന്നു 
പിന്നെ എഴുന്നേറ്റ് പോയി 



ഇവനും ഞാനും സുഹൃത്തുക്കൾ ആയിരുന്നു 
അതൊരു കാലം 
അവൻ തോന്നുമ്പോൾ കയറി വരും 
ഉള്ളത് എടുത്ത് കഴിക്കും 
പണം ചോദിക്കാതെ എടുക്കും 
ചിലപ്പോഴൊക്കെ അതെനിക്ക് 
ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് 
എങ്കിലും ഞാനത് കാര്യമാക്കിയില്ല 
അങ്ങനെ ആവശ്യത്തിൽ അധികം പണം 
കൈവശം വെയ്ക്കുന്ന പതിവ് എനിക്കില്ലായിരുന്നു 
കൈവശം ഉള്ള പണമല്ലേ അവനെടുക്കാൻ കഴിയൂ 
അതുകൊണ്ട് മുഷിയേണ്ടി വന്നില്ല 
എടുത്ത പണത്തിനു കണക്ക് 
ഞാനോ അവനോ സൂക്ഷിച്ചില്ല 
ഞങ്ങൾ അങ്ങനെ മാതൃകാ സുഹൃത്തുക്കളായി ജീവിച്ചു 
പതിന്നാലിലെ കൃസ്തുമസ് വരെ 
പതിന്നാലിലെ ക്രിസ്തുമസ് എന്നെ ഒരു പാഠം പഠിപ്പിച്ചു 
ആരെയും കണ്ണടച്ചു വിശ്വസിക്കരുത് 
പതിന്നാലിലെ ക്രിസ്തുമസ് രാവ് ആഘോഷിക്കാൻ 
അവനെൻറെ മുറിയിൽ  നിന്നും
എന്നെ കൂട്ടിക്കൊണ്ടു പോയി , അവൻറെ  മുറിയിലേക്ക് 
അവിടെ അവൻറെ സുഹൃത്തുക്കൾ 
അവരുടെ കണ്ണുകളിൽ ക്രോധം 
വായിൽ പുളിച്ച തെറി 
കൈകളിൽ മദ്യം നിറച്ച ഗ്ലാസ് 
അവരെന്നെ ഒരു കസേരയിൽ ഇരുത്തി 
ചുറ്റും നിന്ന് തെറി പറഞ്ഞു 
ഞാൻ ക്ഷമിക്കാനാവാത്ത തെറ്റ് ചെയ്തിരിക്കുന്നു 
സെക്ഷൻ മുന്നൂറ്റെഴുപത്തെഴു 
പത്ത് വര്ഷം മുതൽ ജീവപര്യന്തം വരെ 
പ്രകൃതി വിരുദ്ധം 
തെളിവുണ്ട് 
അവൻ കുളിച്ചിട്ടില്ല 
എൻറെ സലൈവ 
എൻറെ ബീജം 
തീർന്നില്ല തെളിവുകൾ 
അവൻറെ മൊബൈലിൽ 
സംഭവത്തിൻറെ  വീഡിയോ എടുത്തിട്ടുണ്ട്  
ട്രാപ് 
അവനെന്നെ ട്രാപ് ചെയ്തിരിക്കുന്നു 
ഒത്തുതീർപ്പ് 
ഒരു ലക്ഷം രൂപ 
ഇല്ലാതെ മുറിയിൽ  നിന്നും പുറത്തിറങ്ങില്ല 
നാറാതെ രക്ഷപ്പെടണമെന്ന ആഗ്രഹം 
സമ്മതിച്ചു 
ഒരു ലക്ഷം രൂപ 
എൻറെ ചെക്ക് ബുക്കിലെ ഒരു ലീഫ് 
അവൻ തന്നെ എനിക്ക് തന്നു 
അതെങ്ങനെ അവൻറെ കയ്യിൽ വന്നു എന്ന് 
അവൻ പറഞ്ഞില്ല 
അവൻ തുകയെഴുതി ഞാനൊപ്പിട്ട ചെക്ക് ലീഫുമായി 
പുറത്തേക്ക് പോയപ്പോൾ 
കിട്ടിയ മദ്യത്തിനുള്ള പണി 
അവൻറെ സുഹൃത്തുക്കൾ ചെയ്തു 
ഒരുത്തൻ കരണത്തടിച്ചു 
മറ്റൊരുത്തൻ തൊഴിച്ചു 
ആരോ വിലക്കിയത് കൊണ്ട് 
കൂടുതൽ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു 
പിന്നീടൊരിക്കലും ഞാനവനെ കണ്ടിട്ടില്ല 


എന്തോ ബിസിനസ് തുടങ്ങാൻ കൂട്ടുകാരുമൊത്ത് 
പ്ലാൻ ചെയ്തു 
പണം കണ്ടെത്താൻ അവൻ സ്വീകരിച്ച കുറുക്കു വഴിയായിരുന്നു 
ബ്ലാക്ക് മെയിലിംഗ് 
ഒരു ലക്ഷം രൂപ അവൻ നേടി 
ആ ഒരു ലക്ഷം രൂപയിൽ 
ഒരു രൂപ പോലും 
അവനുപകരിച്ചില്ല 
അവനൊപ്പം നിന്ന് എന്നിൽ നിന്നും പണം പിടുങ്ങിയവർ 
അതിൽ നിന്നും അവരുടെ വിഹിതം 
പിടിച്ചെടുത്തു 
പിന്നെ അവൻറെ കയ്യിൽ ഒന്നും അവശേഷിച്ചില്ല 
അവനാണിപ്പോൾ വന്നിരിക്കുന്നത് 
എൻറെ മുറിയുടെ വാതിൽ ഇനിയൊരിക്കലും 
അവനു വേണ്ടി തുറക്കപ്പെടുകയില്ല 




ഇന്ന് വൈകിട്ട് ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ 
അവൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി 
എന്നെ കാത്ത് സിറ്റൌട്ടിൽ ഇരിപ്പുണ്ട് 
എന്നെ കണ്ടയുടനെ അവൻ കരയാനാരംഭിച്ചു 
"വേണ്ട, പൊയ്ക്കോള്ളൂ " ഞാൻ പറഞ്ഞു.
"എൻറെ അമ്മ " അവൻ വിങ്ങിപ്പൊട്ടി 
"ചത്ത് പോവും " 
"കുഴി വെട്ടാൻ കാശു വേണോ?"  
"മരുന്ന് വാങ്ങിക്കാനാ "
"കൂടെ വരണോ? കൂട്ടുകാരെ അരെഞ്ച് ചെയ്തിട്ടുണ്ടോ?"
"ക്ഷമിക്കണം "
"കൂടെ വരാം . ഇതു സെക്ഷനാ ? തെളിവ് ഉണ്ടോ?"
"എന്നോട് ക്ഷമിക്കണം "
"ചെക്ക് ലീഫ് മോഷ്ടിച്ചത് കയ്യിലുണ്ടോ ?"
"എൻറെ അമ്മ ചത്ത് പോവും "
"നിൻറെ  കൂട്ടുകാരോട് ചെന്ന് പറ "
അവൻ പോകുന്നത് വരെ ഞാൻ വാതിൽ  തുറന്നില്ല 




അവൻ പോയിക്കഴിഞ്ഞപ്പോൾ 
ഒരു സുഹൃത്തിനെ വിളിച്ച് 
അവനെ കുറിച്ച് അന്വേഷിച്ചു 
ശരിയാണ് , അവൻറെ അമ്മ ആശുപത്രിയിലാണ് 
ജീവനും മരണത്തിനും ഇടയിൽ 
മരുന്ന് വാങ്ങാൻ കാശില്ല 
ആ സ്ത്രീ എൻറെ ഓർമ്മയിൽ തെളിഞ്ഞു വന്നു 
അവർ കാട്ടിയ സ്നേഹം 
അവർ വിളമ്പിത്തന്ന ചോറ് 
അവൻറെ ചെറിയ സഹോദരി 
"അങ്കിൾ " എന്ന് വിളിച്ചു പിന്നാലെ നടന്ന ആ കുട്ടി 
എല്ലാം നഷ്ടമായത് ആ പതിന്നാലിലെ ക്രിസ്തുമസിനാണ് 
ഞാൻ ആശുപത്രിയിൽ ചെന്നു 
ആശുപത്രിയിൽ നിലത്ത് ഒരു വിരിപ്പിൽ അവർ കിടന്നു 
മരുന്ന് വാങ്ങിക്കൊണ്ടു വരാത്തതിനു 
നഴ്സ് ചീത്ത പറയുന്നുണ്ടായിരുന്നു  
ആ വിരിപ്പിൻറെ ഒരത്തിരുന്നു അവൻറെ 
ചെറിയ സഹോദരി കണ്ണീരൊഴുക്കി  
അവൻ അൽപ്പം അകലെ മാറി ജനാലക്കൽ നിന്നിരുന്നു 
"അങ്കിൾ, അമ്മ " അവൻറെ സഹോദരി നിലവിളിച്ചു 
"നിൻറെ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല "
അത് പറയുമ്പോൾ എനിക്ക് പോലും 
അത്ര വിശ്വാസം ഇല്ലായിരുന്നു 



"തനിയെ പോകണ്ടാ , അവൻ കൊണ്ടുവിടും " 
അവർ പറഞ്ഞു 
അവർ ഒന്നും അറിയേണ്ടെന്നു കരുതി ഞാൻ മൗനം പാലിച്ചു 
അവൻ രാത്രി അവിടെ കിടന്നിട്ട് 
രാവിലെ ഇങ്ങു പോരും 
അവർ പറഞ്ഞു 



അതെ , അവനെൻറെ കിടക്കയിൽ കിടക്കുന്നുണ്ട് 
ഇനിയൊരിക്കൽ കൂടി 
അവനെന്നെ ചതിക്കാൻ കഴിയില്ല 
അവൻ മാത്രമല്ല 
അവൻറെ സഹോദരിയും 
അവൻറെ അമ്മയും 
എൻറെ കാരുണ്യത്തിൽ ആണ് 
അതേ , പതിന്നാലിലെ കൃസ്തുമസ് രാവിൽ നഷ്ടമായ അവനെ 
ഇന്ന് ഈ രാവിൽ 
ഞാൻ ക്രൂരമായി വീണ്ടെടുക്കാൻ പോകുകയാണ് 
അവനെന്ത് ചെയ്യാൻ കഴിയും?
ചെയ്യട്ടെ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ