2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഓട്ടക്കാരൻ

 ഒരു ഓട്ടക്കാരനെ കുറിച്ചാണ്.

ആരെയും പരിഹസിക്കരുത്. ചിലർക്കത് പറ്റുകയില്ല. അവർ ജീവിച്ചിരിക്കുന്നത് തന്നെ , അല്ല ജനിച്ചത് തന്നെ മറ്റുള്ളവരെ പരിഹസിക്കാൻ വേണ്ടിയാണെന്ന് തോന്നിപ്പോകും. 

എൻറെ ഒരു സുഹൃത്തിൻറെ മകനാണ് കഥാപാത്രം. ഞാനവനോട് അഭിനിവേശമൊന്നും കാട്ടിയിട്ടില്ല. എവിടെ പോകുന്നു എന്നോ, പരീക്ഷ കഴിഞ്ഞോ എന്നോ ചോദിച്ചെന്നിരിക്കും. അതിന് മര്യാദയ്ക്ക് മറുപടി പറയുന്നതല്ലേ മര്യാദ ? അവൻ മറുപടി പറയാതെ , കേൾക്കാത്ത ഭാവത്തിലങ്ങു പൊയ്ക്കളയും. അല്ലെങ്കിൽ കള്ളം പറയും. പരിഹാസമാണ്. അവൻ കാണാനിത്തിരി സുന്ദരനാണ്. അവൻറെ വിചാരം ഞാനവനെ  വളയ്ക്കാൻ നോക്കുകയാണെന്നാണ്. ഒരു ദിവസം ബസിൽ കയറിയപ്പോൾ അവൻറെ അടുത്താണ് നിന്നത്. അത് അവനാണെന്ന് ഞാനറിയുന്നത്, അവൻ അവിടെ നിന്ന് മാറി നിന്നിട്ട് ഒരു പ്രസ്താവം നടത്തിയപ്പോഴാണ്. "ഇങ്ങനെയുള്ളവരുടെ അടുത്ത് നിൽക്കുന്നത് എനിക്കിഷ്ടമല്ല ". 

ഞാനൊന്നും പറഞ്ഞില്ല. ഒരു നിമിഷനേരത്തേക്ക് ബസിലുള്ള എല്ലാവരും എന്നെ തുറിച്ചു നോക്കിയിരിക്കണം. 

ഒരു ദിവസം അവൻറെ അപ്പൻ ഗൾഫിൽ നിന്ന് നാട്ടിൽ വന്നു. ഒരു രാത്രി ആരുടെയോ ഒപ്പം മദ്യപിച്ചിട്ട് വീട്ടിൽ ചെന്നതാണ്. നെഞ്ചിലൊരു വേദന. വണ്ടി മുറ്റത്ത് കിടപ്പുണ്ട്. ഓടിക്കാനറിയുന്നവൻ നെഞ്ചുവേദനയായി കിടന്നു നിലവിളിക്കുന്നു.  അത് സ്ഥിരം ഓടിക്കുന്നവൻ  മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നു അങ്ങേരേതായാലും ശവമായി .

അവൻറെ ഒരു മാസത്തെ പോക്കറ്റ് മണി പതിനായിരം രൂപയായിരുന്നു ! ആ പോക്കറ്റ് മണിയാണ് ചത്തത് . കോമളവല്ലിയുടെ അടുത്തേക്ക് എപ്പോൾ ഓടിച്ചെന്ന് എത്ര വേണമെന്ന് പറഞ്ഞാലും ഉടൻ കോമളവല്ലി കൊടുക്കുമായിരുന്നു. തന്ത കോമളവല്ലിയ്ക്കാണ് പണം അയച്ചു കൊടുക്കുന്നത്. കണക്കൊക്കെ കോമളവല്ലിക്കേ അറിയൂ. പക്ഷേ ഇപ്പോൾ കോമളവല്ലിക്ക് പെട്ടെന്ന് പണത്തിന് ബുദ്ധിമുട്ട്. പണ്ടെന്നോ പണം കടം വാങ്ങിയപ്പോൾ ഈടിനു കൊടുത്തതാണ്  ആധാരം. പണത്തിനു ബുദ്ധിമുട്ടുണ്ട്, കൊടുക്കാനുള്ള  ഉടനെ കൊടുക്കണം , ഇല്ലെങ്കിൽ വസ്തു കോമളവല്ലി വിൽക്കുമെന്ന് പറഞ്ഞപ്പോഴാണ് സംഗതിയുടെ ഗൗരവം കുടുംബം മനസിലാക്കുന്നത്. ചത്തവനിനി ഏതായാലും എഴുന്നേറ്റ് വന്ന് കണക്ക് പറയാൻ പോകുന്നില്ലല്ലോ.

ഇന്നലെവരെ പണം വേണോയെന്നും ചോദിച്ച് നടന്നവരൊന്നും ഇപ്പോൾ കണ്ടാൽ അറിയില്ല. ഇന്നലെവരെ എത്ര ചോദിച്ചാലും ഉടൻ കൊടുക്കുന്നവരുടെയൊന്നും കയ്യിൽ ഇപ്പോൾ പണമില്ല. 

അങ്ങനെയാണ് അവൻ ആദ്യമായി എന്നോട് സംസാരിക്കുന്നത്. പണം വേണം. കടമായിട്ടാണ്. കിട്ടുമെന്ന് ഗാരണ്ടിയൊന്നും ഇല്ല. 

"നീയിപ്പോൾ ഇവിടെ വെച്ച് പെട്ടെന്ന് ചോദിച്ചാൽ എങ്ങനെയാ ? അങ്ങോട്ട് വാ " , ഞാൻ അവനെ എൻറെ  റൂമിലേക്ക് ക്ഷണിച്ചു. അവൻ വരാമെന്ന് പറഞ്ഞപ്പോൾ ഞാൻ രഹസ്യമായി പറഞ്ഞു. " നീ നല്ലതാ. സുന്ദരനാ "

അവൻ വരില്ലെന്നാണ് ഞാൻ കരുതിയത്. വരാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതും. 

പക്ഷേ അവൻ വന്നു. രാത്രിയാവാൻ ഞാൻ കാത്തിരുന്നു. പിന്നെ അവനുമായി കിടന്നു. 

രാവിലെ പോകാൻ നേരം അവൻ  കാശ് ഓർമ്മിപ്പിച്ചു. "ഛെ , കാശിനുവേണ്ടിയായിരുന്നോ ? എങ്കിലത്‌ ആദ്യമേ പറയേണ്ടായിരുന്നോ ?" 

അവൻറെ മുഖം വിളറി. അവൻ പോകാൻ ഭാവിച്ചപ്പോൾ ഞാൻ പറഞ്ഞു."ഇത് വെച്ചോ. എനിക്ക് നിന്നെ ഇഷ്ടമാണ്. കാശിന് ആവശ്യം വന്നാൽ ചോദിക്കാൻ മടിക്കേണ്ട "





 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ