2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഷാൻ

ഷാൻ വന്നതെവിടെനിന്നാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ദിവസം അവൻ ഞങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടു. ഏതെങ്കിലും മലയാളി തിരികെപ്പോരാൻ കാശില്ലാഞ്ഞിട്ട് , കൂടിവന്നാൽ ജോലികിട്ടുമെന്ന് വിശ്വസിപ്പിച്ച് കുറച്ചു പണവും പിടുങ്ങി കൊണ്ടുവന്നതാകണം.കുറച്ചുനാൾ അനിയനാണെന്ന് പറഞ്ഞും പരിചയപ്പെടുത്തിയതും കൂടെക്കൂട്ടും. അതുകഴിയുമ്പോൾ പണത്തിന് ആവശ്യം വരുമ്പോൾ പണം വേണമെന്ന് വീട്ടിലേക്കെഴുതാനാവശ്യപ്പെടും. വീട്ടിൽ പണത്തിൻറെ അവസ്ഥയനുസരിച്ച് അവൻ എഴുതുകയോ , എഴുതാതെയിരിക്കുകയോ ചെയ്യും. ഏഴുതിയാൽ വീട്ടിൽ നിന്നും പണം വരവ് മുടങ്ങുന്നതുവരെ അനിയൻ പദവിയിൽ തുടരും. പണം വരവ് നിലയ്ക്കുന്ന നാളിൽ ചെക്കൻ ഗെറ്റ് ഔട്ട്. ഓ വേണേൽ പറഞ്ഞേക്കാം കുറുപ്പാണ് കക്ഷിയെ ഇറക്കുമതി ചെയ്തിരിക്കുന്നത്. മനസിലായില്ലേ, വാസുദേവകുറുപ്പ്. അതിയാൻ നാട്ടിൽ പോകുന്നത് പരമാവധി കടവും വാങ്ങിയാണ്. ചെന്നാൽ അടിച്ചുപൊളിച്ചു നടക്കും. പിന്നെ തിരികെ പോരണമെങ്കിൽ ആരെയെങ്കിലും ജോലി വാങ്ങിക്കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് പണം സംഘടിപ്പിക്കണം. ചെക്കന് വീട്ടിൽ നിന്നും പണം വരുവോളം അനിയനാണ്. അത് കഴിഞ്ഞാൽ ചെക്കൻ ഔട്ട്. വെറുതെ ഔട്ടല്ല, ചെക്കനിട്ട് ഒരു പണികൊടുത്താണ് ഔട്ട് ആക്കുന്നത്. ചെക്കൻ പിഴയാണെന്നും അവൻറെ പോക്ക് ശരിയല്ലെന്നും ജോലി കിട്ടിയിട്ട് അത് കളഞ്ഞിട്ട് കല്ലും കുടിച്ച് ചീട്ടും കളിച്ച് നടക്കുകയാണെന്നും ഒക്കെ അവൻറെ വീട്ടുകാരെ ബോധിപ്പിക്കും. അവനിപ്പോൾ തന്നെ ധിക്കരിച്ച് മറ്റുചിലരോടൊപ്പമാണെന്നും തട്ടിവിടും. ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്നകാര്യമായതുകൊണ്ട് കുറുപ്പച്ചൻ കൊണ്ടുവരുന്ന പൈതലാന്മാരെ കാണുമ്പോൾ ആളുകൾ ഒരു സഹതാപ ചിരി സമ്മാനിക്കും. അടുക്കാൻ പോവില്ല. അടുക്കാൻ പോയാൽ കുറുപ്പ് ചെക്കനെ തെരുവിലേക്ക് ഇറക്കിവിടുമ്പോൾ " ചേട്ടാ " എന്നും വിളിച്ച് കയറി വരും. 

ഷാൻ വന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു. മറ്റുപലരും ശ്രദ്ധിച്ചു കാണണം. വെളുത്ത് കൊഴുത്തുരുണ്ട് അധികം ഉയരമില്ലാതെ ഏതാണ്ട് വട്ടത്തിലൊരെണ്ണം. കിട്ടിയാൽ കൊള്ളാം എന്ന് തോന്നിയതുകൊണ്ട് ഞാനൊന്ന് ചിരിച്ചു. അവൻ മുഖം തിരിച്ചു കളഞ്ഞു. അവനെന്നോട് സംസാരിക്കാനും പരിചയപ്പെടാനും കൂട്ടാക്കിയില്ല. മറ്റുചിലരും അവൻ അവഗണിക്കുന്നെന്ന് പറയുന്നത് കേട്ടു . കുരുപ്പച്ചൻ കൊണ്ടുവന്ന മുതലല്ലേ ? കുറുപ്പച്ചന് പണം വേണം. ചെറുക്കൻ വീട്ടിൽനിന്നും പണം വരുത്തുവോളം കുറുപ്പച്ചൻ അനിയനാണെന്നും പറഞ്ഞ് കൂടെത്താമസിപ്പിക്കും. പിന്നെ ഔട്ട് ആകാനുള്ള മുതലല്ലേ! 

കുറുപ്പച്ചൻ അവനെ ഔട്ട് ആക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. നാല്പത്താറു ദിവസം കഴിഞ്ഞപ്പോൾ -- ഒരു മാസം വീട്ടിൽ നിന്ന് അവൻ പണം വരുത്തി കുറുപ്പച്ചന് കൊടുത്തു. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ കുറുപ്പച്ചന് വീണ്ടും പണം വേണം. അവൻ വീട്ടിൽ നിന്നും വരുത്തണം. അവൻ വീട്ടിലേക്ക് പണത്തിനെഴുതാൻ വിസമ്മതിച്ചു. അതോടെ കുറുപ്പച്ചന് ഭ്രാന്തിളകി. അവനെ തെറിവിളിച്ച് പുറത്തിറക്കി വാതിലടച്ചു. കുറുപ്പച്ചൻറെ ഉത്തരവാദിത്തം തീർന്നു. 

അവനു അൽപ്പം അടുപ്പമുണ്ടായിരുന്നത് ദേവസ്യയുമായിട്ടായിരുന്നു. അവൻ നേരെ ദേവസ്യയുടെ അടുത്തേക്ക് ചെന്നു . കുറുപ്പച്ചൻ അവനെ അടിച്ചിറക്കി വിട്ടത് എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. ദേവസ്യ അവനെ അറിയുന്ന ഭാവം കാട്ടിയില്ല. " നിന്നെ കുറുപ്പച്ചനല്ലിയോ കൊണ്ടുവന്നത് , അങ്ങോട്ടു തന്നെ ചെല്ല് " 

അവനു പരിചയമുണ്ടായിരുന്നവരുടെയെല്ലാം അടുത്ത് പോയി. ആരും സഹായിച്ചില്ല. 

"ആഹാ സാർ ഇവിടെയാണോ താമസിക്കുന്നത് ?" എന്നുചോദിച്ചുകൊണ്ട് അവൻ കയറി വന്നു. കാര്യങ്ങളൊക്കെ ഞാനും അറിഞ്ഞുകഴിഞ്ഞിരുന്നു. കാര്യങ്ങളറിയാമെന്ന് ഞാൻ ഭാവിച്ചില്ല. "നീ ഇതുവഴി എവിടെ പോകുകയാ ?", ഞാൻ ചോദിച്ചു. 

അവനൊന്നും പറയാതെ അകത്ത് കടന്നിരുന്നു. കുറെ നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. ഞാനൊന്നും ചോദിച്ചതുമില്ല. 

"വാ , മെസ്സിൽ പോയി വല്ലതും കഴിച്ചിട്ട് വരാം ." ഞാൻ പറഞ്ഞു. 

"എൻറെ കയ്യിൽ പൈസയില്ല " അവൻ പറഞ്ഞു.

"എൻറെ കയ്യിൽ പൈസയില്ല " എന്ന പ്രസ്താവനയ്ക്ക് പിന്നിലൊരു കഥയുണ്ട്.

അവൻ വന്ന കാലം. ഞാൻ പറഞ്ഞല്ലോ, അവൻ എന്നോട് മിണ്ടില്ല, എന്നെ നോക്കില്ല, എന്നോട് ചിരിക്കില്ല. എന്നോട് ഒരു പുശ്ചമാണ്. എന്താ കാരണമെന്നെനിക്കറിയില്ല. അക്കാലത്ത് ഒരിക്കൽ ചായ കുടിക്കുമ്പോൾ ഞാൻ അവൻറെ പൈസ കൂടി കൊടുക്കാൻ തുടങ്ങി. അപ്പോൾ അവൻ ധിക്കാരത്തോടെ പൈസ കൊടുത്തിട്ട് പറയുകയാണ് "എൻറെ പൈസ ഞാൻ കൊടുത്തു കൊള്ളാം"

"നീ വാ " ഞാൻ പറഞ്ഞു. അവനെഴുന്നേറ്റ് എന്നോടൊപ്പം വന്നു. ഭക്ഷണം കഴിച്ച് ഞങ്ങൾ തിരികെ വന്നു. 

അവൻ മിണ്ടാട്ടമില്ലാതെ തലകുനിച്ച് ഇരിക്കുകയാണ്. ഞാൻ ചോദിച്ചു " നീ കിടക്കുന്നില്ലേ ?" 

"എവിടെയാ ?" 

"ഇവിടെ ഉള്ള സ്ഥലത്ത് നമ്മൾക്ക് രണ്ടുപേർക്കും കൂടി കിടക്കാം "

അവൻ കണ്ണീർ തുടച്ചു. ഒന്നും മിണ്ടാതെ  കിടക്കയിൽ കിടന്നു.

അങ്ങനെ എന്നോട് മിണ്ടാനും സൗഹൃദം പങ്കിടാനും ഇഷ്ടപ്പെടാതിരുന്ന അവനെൻറെ റൂമേറ്റ് ആയി. ആദ്യമൊക്കെ അവൻ വളരെ നെർവസ് ആയിരുന്നു. പിന്നെ അതുമാറി. ഫ്രീ ആയി സംസാരിക്കാനും ഇടപെടാനും തുടങ്ങി. 

ആദ്യം ഒരു ബുക്ക് സ്റ്റാളിൽ അവൻ ജോലിക്ക് പോയിത്തുടങ്ങി. അതോടെ അവൻ കൂടുതൽ സ്മാർട്ട് ആയി. ആറുമാസത്തോളം കഴിഞ്ഞപ്പോൾ  ഹെൽത്തിൽ ജോലിക്ക് കയറി. പിന്നെ അവിടെ ഉറച്ചു. 

അപ്പോഴാണ് ദേവസ്യ അവനെ കാണാൻ വന്നത്. മൂട് മറക്കരുതെന്ന് അവനോട് പറയാൻ. അവനെ കൊണ്ടുവന്നത് കുറുപ്പച്ചനല്ലേ , ജോലി കിട്ടിയ കാര്യം കുറുപ്പച്ചനോട് പറയണമായിരുന്നു. ആദ്യത്തെ ശമ്പളം കുറുപ്പച്ചന് കൊടുക്കണമായിരുന്നു. 

"പറഞ്ഞു കഴിഞ്ഞെങ്കിൽ പോകാം " , അവൻ പറഞ്ഞു. ദേവസ്യ  ചോദിച്ചു."ആദ്യത്തെ ശമ്പളം കിട്ടിയതല്ലേ, ഞങ്ങൾക്കൊക്കെ ഒന്ന് ചിലവ് ചെയ്യരുതോ ?"  "നിങ്ങൾക്കൊക്കെ ചിലവ് ചെയ്‌താൽ ദൈവ കോപം ഉണ്ടാകും " , അവൻ പറഞ്ഞു. 

ദേവസ്യ പോയിക്കഴിഞ്ഞപ്പോൾ അവൻ എൻറെ അടുത്ത് വന്നു. ആദ്യശമ്പളം അതേപോലെ എൻറെ കയ്യിൽ തന്നു. ""ഇത് നീ ഇതുപോലെ നിൻറെ വീട്ടിൽ അയച്ചുകൊടുക്ക്", ഞാൻ പറഞ്ഞു. "ചിലവിനൊന്നും വേണ്ടേ ?", അവൻ ചോദിച്ചു. " ഈ മാസം ചിലവിനു നീ ഷെയർ എടുക്കേണ്ട". "ചേട്ടനൊന്നും വേണ്ടേ ?", അവൻ ചോദിച്ചു. ഞാൻ അവൻറെ കവിളത്ത് തട്ടി. " വേണം, നിന്നെ. എന്താ ?" അവനെൻറെ മാറിൽ ഒട്ടിപ്പിടിച്ചു നിന്നു .